കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സിവിസി) പിജെ തോമസ് ഉടന്‍ രാജിവയ്ക്കുമെന്ന് സൂചന. തോമസ് പാമോലിന്‍ കേസില്‍ പ്രതിയാണെന്ന വിവരം അറിയില്ലായിരുന്നു എന്ന് കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു. നിലവില്‍, പിജെ തോമസിന്റെ നിയമനത്തെ പ്രതിരോധിക്കാനുള്ള പഴുതുകളൊന്നും സര്‍ക്കാരിനു മുന്നില്‍ അവശേഷിക്കുന്നില്ല.
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതിക്കു മുന്നില്‍ പിജെ തോമസ് സമര്‍പ്പിച്ച ബയോഡാറ്റയിലും കേസിനെ കുറിച്ച് പറഞ്ഞിരുന്നില്ല എന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, പിജെ തോമസിന് സ്വയം പ്രതിരോധിക്കണമെന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.
അതേസമയം, സിവിസിയുടെ നിയമന സമയത്ത് അദ്ദേഹത്തിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട് എന്ന് താന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇതു മറച്ചുവച്ച് കോടതിയില്‍ അസത്യം പറഞ്ഞതിനെതിരെ സത്യവാങ്ങ്‌മൂലം നല്‍കുമെന്നും സുഷമ പറഞ്ഞിട്ടുണ്ട്.
പ്രശ്നം സങ്കീര്‍ണ്ണമാവുന്ന നിലയ്ക്ക് സിവിസി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിനുള്ളിലും അഭിപ്രായം ശക്തമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.