പാക് സൈന്യം വധിച്ച ഇന്ത്യന്‍ സൈനികന്റെ വിധവയെ കബളിപ്പിച്ചും പണം തട്ടല്‍

ശനി, 6 ഏപ്രില്‍ 2013 (10:56 IST)
PRO
പാക് സൈനികര്‍ വധിച്ച ലാന്‍സ് നായിക് ഹേംരാജിന്‍റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് സൈനിക ഓഫിസര്‍ ചമഞ്ഞെത്തിയയാള്‍ 10 ലക്ഷം രൂപ തട്ടിയെടുത്തു.

അമിത് കുമാര്‍ എന്ന ഓഫീസറാണെന്നാണ് പറഞ്ഞ് പണം തട്ടിയതെന്നു ഹേം രാജിന്‍റെ ഭാര്യ ധര്‍മവതി പറഞ്ഞു. ധര്‍മവതിക്കു കിട്ടിയ നഷ്ടപരിഹാരത്തുകയാണ് ഇയാള്‍ തട്ടിയെടുത്തത്.

സൈനികഓഫീസറെന്ന വ്യാജേന വീട്ടിലെത്തിയ ഇയാള്‍ പണം ഒരു ബാങ്കില്‍ നിക്ഷേപിക്കാതെ വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

എസ്ബിഐയുടെ ഛട്ട ബ്രാഞ്ചില്‍ നിന്ന് ധര്‍മവതി 20 ലക്ഷം രൂപ പിന്‍വലിച്ചു. ധര്‍മവതിയ്ക്കൊപ്പം ബന്ധുക്കളായ ഭഗ് വാന്‍ സിങ്ങും ഗജേന്ദ്ര സിങ്ങും ഉണ്ടായിരുന്നു.

10 ലക്ഷം രൂപ മകള്‍ ശിവാനിയുടെ പേരില്‍ അതേ ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കി. ബാക്കി തുക ബുഖാരാരി ബ്രാഞ്ചില്‍ നിക്ഷേപിക്കാന്‍ ഇവര്‍ അമിത് കുമാറിനൊപ്പം പോയി.

ബന്ധുക്കള്‍ ഒരു മോട്ടോര്‍ സൈക്കിളിലും ധര്‍മവതി അമിത് കുമാറിന്‍റെ മോട്ടോര്‍ സൈക്കിളിലുമായിരുന്നു. പത്തു ലക്ഷം രൂപ അമിത് കുമാറിന്‍റെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്.

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ അമിത് കുമാര്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി. ഇതിനിടെ ധര്‍മവതി മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങിയ സമയം അമിത് കുമാര്‍ ബൈക്കില്‍ പണവുമായി രക്ഷപെടുകയായിരുന്നു.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മോഷ്ടാവ് ആരെന്നു കണ്ടെത്താന്‍ കഴിയുമെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാര്‍ച്ച് 25നും ധര്‍മവതിയുടെ പേരിലുള്ള 60 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായിരുന്നു. 30 ലക്ഷം രൂപയുടെ രണ്ടു ചെക്കുകള്‍ ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ എസ്ബിഐ ബ്രാഞ്ചില്‍ നല്‍കിയാണു പണം തട്ടാന്‍ ശ്രമിച്ചത്.

വെബ്ദുനിയ വായിക്കുക