പാക് വിമുഖത കാട്ടുന്നു: ചിദംബരം

ശനി, 21 മാര്‍ച്ച് 2009 (12:49 IST)
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പാകിസ്ഥാന്‍റെ അന്വേഷണത്തില്‍ ഔദ്യോഗിക ഏജന്‍സികളുടെ പങ്ക് അവഗണിക്കുകയാണെന്നും എഫ്ബി‌ഐയെ അന്വേഷണത്തില്‍ നിന്ന് തടയുകയാണെന്നും ആഭ്യന്തരമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തി.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ അറസ്റ്റിലായ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവച്ചിട്ടില്ല. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. കരണ്‍ ഥാപറുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരുടെ സംസാരത്തില്‍ ഉള്‍പ്പെട്ട ‘ കേണല്‍ സാദത്തുള്ള ’ ആക്രമണവുമായി ബന്ധമുള്ള പാകിസ്ഥാന്‍ സൈനികനാണോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഇതെ കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയെയോ എഫ്‌ബിഐയെയോ അനുവദിച്ചിട്ടുമില്ല.

സാദത്തുള്ള സൈന്യത്തിലെ സിഗ്നല്‍ കോര്‍പ്സ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് വ്യക്തമായാല്‍ പാകിസ്ഥാന്‍റെ ഔദ്യോഗിക ഏജന്‍സിക്ക് ആക്രമണത്തിലുള്ള പങ്ക് തെളിയിക്കാനാവുമെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക