പാക് നടപടികള്‍ പരിശോധിക്കും: പ്രധാനമന്ത്രി

ചൊവ്വ, 29 ജൂണ്‍ 2010 (20:37 IST)
PTI
പാകിസ്ഥാനെ വിശ്വാസത്തിലെടുക്കുന്നതിനു മുമ്പ് ഭീകരതയ്ക്കെതിരായ അവരുടെ നടപടികള്‍ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ടൊറൊന്‍റോയിലെ ജി 20 ഉച്ചകോടിക്കു ശേഷം മടങ്ങവേ പ്രത്യേക വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഭ്യന്തരമന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നേരിയ പ്രതീക്ഷ ഉണര്‍ന്നിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരായ ഭീകരതയെ അടിച്ചമര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷണവിധേയമാക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

“ആഭ്യന്തരമന്ത്രി പി ചിദംബരം കഴിഞ്ഞ ആഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നല്ലോ. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.” - മന്‍‌മോഹന്‍ സിംഗ് പറഞ്ഞു.

എന്നാല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും പാകിസ്ഥാനെ വിശ്വാസത്തിലെടുക്കുന്നതിനുമുമ്പ് അവരുടെ നടപടികള്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച പാക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കുമായി പി ചിദംബരം ചര്‍ച്ച നടത്തിയിരുന്നു. 26/11 കേസ് അന്വേഷണത്തില്‍ പാക് ഏജന്‍സിയും സി ബി ഐയും സഹകരിക്കുമെന്നും ഇന്ത്യയ്ക്ക് ശബ്ദസാമ്പിളുകള്‍ കൈമാറാന്‍ തയ്യാറാണെന്നും റഹ്‌മാന്‍ മാലിക് അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക