പാകിസ്ഥാന്‍ വധിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കി
ചൊവ്വ, 8 ജനുവരി 2013 (20:33 IST)
PTI
PTI
ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെ, പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രതിഷേധകരമായ പ്രവര്‍ത്തനങ്ങള്‍. വെടി നിര്‍ത്തല്‍ കരാര്‍ വകവയ്ക്കാതെ ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച പാക് സൈന്യം രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവെച്ചുകൊന്നു. പട്രോളിംഗ് നടത്തുന്ന ഭടന്‍മാര്‍ക്ക് നേരെയായിരുന്നു പാക് സൈന്യത്തിന്റെ ഈ പരാക്രമണം.
ഇത്തരം ഒരു അതിക്രമത്തിന് ഇടയാക്കത്തക്ക പ്രകോപനങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റുമരിച്ച രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട ഒരു സൈനികന്റെ തലവെട്ടിയ ശേഷം ശിരസുമായിട്ടാണ് പാക് സൈനികര്‍ ആക്രമണത്തിന് ശേഷം മടങ്ങിയത്.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഏകപക്ഷീയമായ വെടിവെയ്പ്പിനെ അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനികരും പാക്കിസ്ഥാന്‍ സൈനികരും തമ്മില്‍ വെടിവെയ്പ്പ് നടന്നിരുന്നു. വെടിവെയ്പ്പില്‍ ഒരു പാക് സൈനികന്‍ മരിച്ചു. ഇതിനു പിന്നാലെയാണ് പൂഞ്ചില്‍ പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തത്.
പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു പാക് ആക്രമണം. അതിര്‍ത്തി കടന്ന് 100 മീറ്ററോളം മുന്നേറിയ പാക് സൈനിക സംഘമാണ് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ, ഏത് സാഹചര്യത്തേയും നേരിടാന്‍ പാകിസ്ഥാന്‍ സേന തയാറാണെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് കയാനി പറഞ്ഞു.