പശ്ചിമഘട്ട സംരക്ഷണം: ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം കേന്ദ്രം ലംഘിച്ചു
തിങ്കള്‍, 3 ജൂണ്‍ 2013 (15:49 IST)
PRO
PRO
പശ്ചിമഘട്ട സംരക്ഷണത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയ അന്ത്യശാസനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലംഘിച്ചു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളാണോ അതോ കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശകളാണോ നടപ്പാക്കുകയെന്ന് തീരുമാനമെടുക്കാന്‍ നല്‍കിയ അന്ത്യശാസനമാണ് ലംഘിച്ചത്. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മന്ത്രാലയം ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കും. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ കേരളം എന്ത് മറുപടി നല്‍കണമെന്ന കാര്യം സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വിട്ടു.
പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പാക്കുക എന്നത് സംബന്ധിച്ചുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മെയ് 30നകം എടുക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തീരുമാനം എടുക്കാന്‍ മൂന്ന് മാസം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.
അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും വനം പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെ പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കാന്‍ സാവകാശം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന ഹര്‍ജി ട്രിബ്യൂണല്‍ വിധി പറയുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്. ജൂണില്‍ അവധിക്കാല ബെഞ്ച് മാത്രമേ ഉള്ളുവെന്നതിനാല്‍ അടുത്ത മാസമാകും വിധി പ്രസ്താവിക്കുക.