പബ്ബില്‍ അഴിഞ്ഞാടിയവരെ സദാചാര പൊലീസ് തല്ലിച്ചതച്ചു

ഞായര്‍, 29 ജൂലൈ 2012 (13:11 IST)
PRO
PRO
മംഗലാപുരത്ത്‌ പബ്ബില്‍ അഴിഞ്ഞാടിയ പെണ്‍കുട്ടികള്‍ അടങ്ങിയ സംഘത്തെ സദാചാര പൊലീസ് കൈകാര്യം ചെയ്തു. മംഗലാപുരത്തെ പാഡില്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മോണിംഗ്‌ മിസ്റ്റ്‌ റിസോര്‍ട്ടില്‍ ആണ് സംഭവം നടന്നത്. ഇവിടെ റേവ് പാര്‍ട്ടി അരങ്ങേറുന്നതിനിടെ ഹിന്ദു ജാഗരണ വേദികെ(എച്ച്‌ ജി വി) പ്രവര്‍ത്തകര്‍ റിസോര്‍ട്ടില്‍ തള്ളികയറി അക്രമം അഴിച്ചു വിടുകയായിരുന്നു. അമ്പതോളം വരുന്ന എച്ച്‌ ജി വി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍.

ഇവരുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ദ്ധ നഗ്നരായ പെണ്‍കുട്ടികളെ ഹോട്ടലിനുള്ളിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടു വന്ന ശേഷം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം, റിസോര്‍ട്ടില്‍ നടന്നതു റേവ്‌ പാര്‍ട്ടിയല്ലെന്നും ജന്മദിനാഘോഷമായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. ഇക്കാര്യം പ്രവര്‍ത്തകരെ അറിച്ചെങ്കിലും അവര്‍ ഇതു മുഖവിലക്കെടുത്തില്ലെന്നും ഹോട്ടല്‍ ജീവനക്കാരെയും ഇവര്‍ മര്‍ദിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്വകാര്യ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഇത്തരം റേവ്‌ പാര്‍ട്ടികള്‍ തടയുന്നതില്‍ മംഗലാപുരം സിറ്റി പൊലീസ്‌ പരാജയപ്പെട്ടതായും അതിന്റെ പ്രതിഫലനമാണ്‌ സംഭവമെന്നും വി എച്ച് പി നേതാവ്‌ ജഗദീഷ്‌ ഷെനേവ പറഞ്ഞു. അതേസമയം, അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക