പത്താന്‍‌കോട്ട് സംഭവത്തില്‍ നവാസ് ഷെരീഫ് ഇടപെടുന്നു; ജയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് പാക് സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശം

വ്യാഴം, 7 ജനുവരി 2016 (19:59 IST)
പത്താന്‍‌കോട്ട് സൈനികത്താവളത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാണ് നല്‍കിയ തെളിവുകള്‍ പാകിസ്ഥാന്‍ പരിശോധിച്ചുവരികയാണ്. അതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീസ് ഈ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി.
 
പത്താന്‍‌കോട്ട് സംഭവത്തില്‍ നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ് സൈന്യത്തോട് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു.
 
ഇന്ത്യയ്ക്കുണ്ടായ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.
 
അതേസമയം, ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ചയ്ക്കുള്ള തീയതി നീണ്ടുപോകാനോ ചര്‍ച്ച തന്നെ റദ്ദുചെയ്യപ്പെടാനോ സാധ്യത കാണുന്നുണ്ട്. ജനുവരി 15ന് ചര്‍ച്ച നടത്താമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നല്‍കിയ തെളിവുകളില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടി പരിശോധിച്ചതിന് ശേഷം മാത്രം ചര്‍ച്ചയുടെ കാര്യം തീരുമാനിക്കാമെന്നാണ് ഇന്ത്യന്‍ നിലപാട്.
 

വെബ്ദുനിയ വായിക്കുക