പതിനെട്ടുകാരിയെ പൊലീസുകാരനടക്കം നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തു
തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:33 IST)
ANI
PTI
പതിനെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പൊലീസുകാരനടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. വടക്കന്‍ ഡല്‍ഹിയായ വികാസ്പുരിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.
വികാസ്പുരി സ്വദേശിയായ പെണ്‍കുട്ടി സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതികളായ മൂന്ന് പേര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. സിനിമ ഹാളില്‍ പെണ്‍കുട്ടിയെ ഇവര്‍ അപമാനിച്ചിരുന്നു, എന്നാല്‍ പെണ്‍കുട്ടി ഇവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇതില്‍ നിന്നും ഉടലെടുത്ത വാശിയിലാണ് ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
പ്രതികള്‍ പെണ്‍കുട്ടിയെ ദ്വാരകയിലുള്ള ഒരു ലോഡ്ജിലേക്കാണ് കൊണ്ടു പോയത്. കാറില്‍ വച്ചും പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. കാറില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ലോഡ്ജില്‍ എത്തിയ ഇവര്‍ തീര്‍ത്തും അവശത നിലയിലായ പെണ്‍കുട്ടിയെ മുറിയിലിട്ട് പീഡിപ്പിക്കുകയായിരുന്നു.
PTI
ഇതേ സമയം പ്രതികളിലൊരാള്‍ സുഹൃത്തായ പൊലീസുകാരനെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു.
തീര്‍ത്തും ബോധരഹിതയായ പെണ്‍കുട്ടിയെ കാറില്‍ തിരിച്ച് കൊണ്ട് പോയി റോഡ് സൈഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായി എന്ന് അറിയാന്‍ സാധിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെയും മറ്റ് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.