നേതാജിയുടെ തിരോധാനം: കേന്ദ്രം രഹസ്യരേഖകള്‍ പുറത്തുവിട്ടേക്കും
ബുധന്‍, 15 ഏപ്രില്‍ 2015 (19:27 IST)
നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തു വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിക്കു രൂപം നല്‍കി. കാബിറ്റ് സെക്രട്ടറിയാണു സമിതിയുടെ അധ്യക്ഷന്‍. ഇന്റലിജന്‍സ് ബ്യൂറോ, റോ, ആഭ്യന്തര മന്ത്രാലായം, പ്രധാമന്ത്രിയുടെ ഓഫീസ് എന്നിവയുടെ പ്രതിനിധികളാവും സമിതിയിലുണ്ടാവുക.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ചുള്ള രേഖകള്‍ പുറത്തുവിടുന്നത് സംബന്ധിച്ചാണ് തീരുമാനമെടുക്കുക. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 40 ലധികം രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാജിയുടെ ഭാര്യയും മകളും തമ്മിലുള്ള കത്തിടപാടുകള്‍, നേതാജിയുടെ തിരോധാനം അന്വേഷിച്ച മുഖര്‍ജി കമ്മിഷന്റെ കണ്ടെത്തലുകള്‍ എന്നിവ ഇതിലുള്‍പ്പെടും.
നേരത്തെ നെഹ്രു സര്‍ക്കാര്‍ നേതാജിയേയും കുടുംബാംഗങ്ങളേയും രഹസ്യമായി നിരീക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നു രേഖകള്‍ പുറത്തുവിടണമെന്ന ആവശ്യവുമായി നേതാജിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. നേതാജിയുടെ ബന്ധുവായ സൂര്യബോസ് പ്രധാമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും മുഴുവന്‍ രേഖകളും പുറത്തു വിടണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉന്നതതല സമിതിക്കു രൂപം നല്‍കിയത്.