നീതിയുടെ പ്രകാശം ഉദിച്ചുതുടങ്ങി: മദനി

തിങ്കള്‍, 14 ജൂലൈ 2014 (21:47 IST)
തന്‍റെ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടുതുടങ്ങിയെങ്കിലും നീതിയുടെ പ്രകാശം ഉദിച്ചുതുടങ്ങിയത് പ്രതീക്ഷ നല്‍കുന്നുവെന്ന് ജയില്‍ മോചിതനായ അബ്ദുള്‍ നാസര്‍ മദനി. നീതിപീഠത്തിന് മുമ്പില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും മദനി പറഞ്ഞു. കേരളത്തിലേക്ക് വരാന്‍ കഴിയുമെന്നും മദനി പ്രതീക്ഷ പ്രകടിപ്പിച്ചു. ജയില്‍ മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മദനി. കോടതി പറഞ്ഞ എല്ലാ വ്യവസ്ഥകളും പാലിക്കുമെന്നും എന്നെങ്കിലും സത്യം പുറത്തുവരുമെന്നും മദനി പറഞ്ഞു.

എല്ലാ നിയമതടസങ്ങളും അവസാന മണിക്കൂറില്‍ പരിഹരിച്ച് തിങ്കളാഴ്ച രാത്രി 7.40നാണ് മദനി മോചിതനായത്. ജയില്‍ മോചിതനാകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. മദനിയുടെ പേരിലുള്ള പ്രൊഡക്ഷന്‍ വാറണ്ടുകള്‍ പിന്‍‌വലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വേണമെന്ന് ജയില്‍ അധികൃതര്‍ ശഠിച്ചതാണ് മദനിയുടെ ജയില്‍ മോചനം വൈകാന്‍ കാരണമായത്. എന്ന് ജയിലില്‍ നിന്ന് പുറത്തുവരുന്നുവോ അന്നുമുതല്‍ 30 ദിവസത്തേക്കാണ് മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മദനിയുടെ ഇടക്കാലജാമ്യം ഒരുമാസം എന്നുള്ളത് നീട്ടിക്കിട്ടുന്നതിനായി പി ഡി പി നേതാക്കളും ബന്ധുക്കളും സുപ്രീം കോടതിയെ സമീപിക്കും. മദനി മോചിതനാകുന്നതുമായി ബന്ധപ്പെട്ട് പി ഡി പി നേതാക്കളും മദനിയുടെ മക്കളും മാധ്യമപ്രവര്‍ത്തകരും പരപ്പന അഗ്രഹാര ജയില്‍ വളപ്പിലെത്തിയിരുന്നു.

മദനിയെ വൈല്‍ഡ്ഫീഡിലുളള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സൗഖ്യയില്‍ നടുവേദനയ്ക്കുളള തിരുമ്മല്‍ ചികത്സയാണ് ആദ്യം നടക്കുക. ഇതിനിടെ നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും ചികിത്സ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സ്വന്തം ചെലവില്‍ ചികിത്സ നടത്തുന്നതിന് ഒരു മാസത്തേക്കാണ് ജാമ്യം. ബാംഗ്ലൂര്‍ വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശമാണ് ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി.

വെബ്ദുനിയ വായിക്കുക