നിതീഷിനും രാഹുലിനും ബില്‍ ഗേറ്റ്സിന്റെ പ്രശംസ

ചൊവ്വ, 26 ജനുവരി 2010 (12:50 IST)
PRO
PRO
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ വക പ്രശംസ. ഇവര്‍ രാജ്യത്തെ ആരോഗ്യപരിപാലന രംഗത്തോട് കാണിക്കുന്ന പുരോഗമനപരമായ സമീപനമാണ് ഗേറ്റ്സിനെ ആകര്‍ഷിച്ചത്.

ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍, രാജ്യത്തെ ദരിദ്ര സംസ്ഥാനമായ ബീഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിക്കാനിടയായി. വാക്സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് നിതീഷ് വിശദീകരിച്ചു എന്നും ഫൌണ്ടേഷന്‍ (ബില്‍ ആന്‍ഡ് മിലിന്‍ഡ ഫൌണ്ടേഷന്‍) ഇത്തരം പദ്ധതികള്‍ക്ക് സഹായം നല്‍കുന്നതിനെ കുറിച്ച് പരിഗണിച്ചു വരികയാണ് എന്നും ഗേറ്റ്സ് ലോകത്തെ ആരോഗ്യ പദ്ധതികളെ കുറിച്ചുള്ള വാര്‍ഷിക കുറിപ്പില്‍ എഴുതിയിരിക്കുന്നു.

പുതുതലമുറ രാഷ്ട്രീയക്കാരുടെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിയുമായും താന്‍ സംസാരിക്കാനിടയായി എന്നും രാഹുലിന്റെ തുറന്ന സംസാരം ആകര്‍ഷണീയമാണെന്നും അത് മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു എന്നും ഗേറ്റ്സ് എഴുതിയിരിക്കുന്നു. ആരോഗ്യ പദ്ധതികള്‍ക്കായുള്ള സഹായം പലപ്പോഴും ഗുണഭോക്താക്കളില്‍ എത്തുന്നില്ല എന്നും ഇത്തരം കുഴപ്പങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനാവില്ല എന്നും രാഹുല്‍ പറഞ്ഞതാണ് ഗേറ്റ്സിനെ ആകര്‍ഷിച്ചത്.

സഹായം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക സംഘങ്ങള്‍ രൂപീകരിക്കുന്നതിനെ കുറിച്ചും രാഹുല്‍ വിശദീകരിച്ചു. രാഹുലിന്റെ വിവരണത്തില്‍ നിന്ന് അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്ത്യ ആരോഗ്യ രംഗത്ത് മുന്നേറുമെന്ന് ഉറപ്പായിരിക്കുകയാണെന്നും ഗേറ്റ്സ് പറയുന്നു.

എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഭയാനകമാണെന്നാണ് ഗേറ്റ്സ് പറയുന്നത്. ഉത്തരേന്ത്യയില്‍ പത്ത് ശതമാനം കുട്ടികളും അഞ്ച് വയസ്സ് തികയും മുമ്പേ മരിക്കുകയാണ്. അതിനാല്‍, സക്കാര്‍ ആരോഗ്യ പരിരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഗേറ്റ്സ് പറയുന്നു.

വെബ്ദുനിയ വായിക്കുക