നിതാരി കൊലക്കേസിലെ മുഖ്യപ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പതിനഞ്ചുകാരിയായ റിംപാ ഹാല്‍ദെറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് കോടതിയുടെ നടപടി. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കാണിച്ച് കേസ് അന്വേഷിച്ച സിബിഐക്ക് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ബിഎസ് ചൌഹാന്‍ എന്നിവരടങ്ങുന്ന ബഞ്ചിന്‍റെതാണ് നടപടി. കോലിയുടെ ശിക്ഷയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിചാരണ നടന്ന സിബിഐ കോടതി കോലിക്കും കൂട്ടുപ്രതി മൊനിന്ദര്‍ സിംഗ് പാണ്ഡെറിനും റിംപാ ഹാല്‍ദര്‍ കൊലക്കേസില്‍ വധശിക്ഷ വിധിച്ചത്. എന്നാല്‍ 2009 സെപ്തംബര്‍ 11 ന് അലഹബാദ് ഹൈക്കോടതി പാണ്ഡെറിനെ വെറുതെ വിടുകയും കോലിയുടെ ശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു.
കേസില്‍ പാണ്ഡെറിനെ രക്ഷിക്കാനാണ് സിബിഐ ആദ്യം മുതല്‍ ശ്രമം നടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. 2006 ഡിസംബറിലാണ് ഡെല്‍ഹിക്കടുത്ത് നോയിഡയില്‍ വ്യവസായിയായ മൊനീന്ദര്‍ സിംഗ് പാണ്ഡറിന്റെ കൃഷിസ്ഥലത്തിന് സമീപം നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശരീരഭാഗങ്ങളും അസ്ഥികളും കണ്ടെത്തിയത്. ഇവരെ പാണ്ഡെറും വേലക്കാരന്‍ സുരീന്ദര്‍ കോലിയും ലൈംഗികചൂഷണം നടത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു. 4 സ്ത്രീകളെയും പതിനഞ്ച് കുട്ടികളെയും ഇത്തരത്തില്‍ ഇവര്‍ കൊലപ്പെടുത്തിയതായാണ് കേസ്.
കുട്ടികളുടെ മൃതദേഹം പോളിത്തീന്‍ ബാഗുകളില്‍ പൊതിഞ്ഞു കൃഷിസ്ഥലത്തിന് ചുറ്റും കുഴിച്ചിടുകയായിരുന്നു. ഇക്കൂട്ടത്തില്‍ കൊല്ലപ്പെട്ടതാണ് റിംപ ഹാല്‍ദറും കൊല്ലപ്പെട്ടത്. 2005 ലാണ് ഈ കൊലപാതകങ്ങള്‍ അരങ്ങേറിയത്. 2007 ലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. എന്നാല്‍ റിംപ കൊല്ലപ്പെടുമ്പോള്‍ പാണ്ഡെര്‍ ഓസ്ട്രേലിയയിലായിരുന്നു എന്നായിരുന്നു സിബിഐയുടെ വാദം. പാണ്ഡെറിന്‍റെ ശിക്ഷ ഒഴിവാക്കിയതിനെതിരെ റിംപയുടെ പിതാവ് പ്രത്യേക ഹര്‍ജി നല്‍കിയിരുന്നു