നാവികസേനയ്ക്ക് സ്വന്തം ഉപഗ്രഹം

വെള്ളി, 23 ഒക്‌ടോബര്‍ 2009 (09:53 IST)
ആശയവിനിമയ സംവിധാനം ശക്തമാക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനുമായി ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തം ഉപഗ്രഹം ഒരുങ്ങുന്നു. സേനാ ആവശ്യത്തിനായി മാത്രമുള്ള ആദ്യ ഇന്ത്യന്‍ ഉപഗ്രഹം അടുത്തവര്‍ഷം നാവിക സേനയ്ക്ക് സ്വന്തമാവുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി വെളിപ്പെടുത്തി.

കപ്പലുകളും അന്തര്‍വാഹിനികളും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നതോടെ സാധ്യമാവും. തീരസംരക്ഷണം കൂടുതല്‍ ശക്തമാക്കാനും ഭീഷണികളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും ഉപഗ്രഹം സഹായകമാവും.

ഇന്ത്യന്‍മഹാസമുദ്രത്തിലെ വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഡാറ്റയും ചിത്രങ്ങളും കൈമാറാന്‍ ഉപഗ്രഹ സഹായം ഉണ്ടാവും. ഉപഗ്രഹം പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ കടല്‍ക്കൊള്ളക്കാരെ നേരിടാനും ഇന്ത്യന്‍ നാവികസേനയ്ക്ക് എളുപ്പമാവും.

സുഹൃദ് രാജ്യങ്ങളുമൊത്ത് കൂടുതല്‍ സംയുക്ത അഭ്യാസങ്ങള്‍ നടത്തുമെന്ന് ആന്റണി നാവികസേനയ്ക്ക് ഉറപ്പ് നല്‍കി. നാവികസേനാ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ഐ‌എസ്‌ആര്‍‌ഒയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഉപഗ്രഹം അടുത്തവര്‍ഷത്തോടെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് തീരുമാനം. അടുത്തവര്‍ഷം തന്നെ സൈന്യത്തിനും വായുസേനയ്ക്കും പ്രത്യേകം ഉപഗ്രങ്ങള്‍ ലഭ്യമാക്കാനും നീക്കം നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക