തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്‍റ് ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച ഹൈദരാബാദില്‍ ഒരു ദിവസം നീളുന്ന നിരാഹാര സമരം നടത്തും. പ്രധാനമന്ത്രി ഖമ്മം ജില്ലയിലെ കലാപ ബാധിത പ്രദേശമായ മുഡിഗോണ്ട സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം.
ഒരു കാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഹൈദരാബാദ് സന്ദര്‍ശനത്തിലാണ്. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുഖ്യമന്ത്രി രാജശേഖര റെഢിയും ഖമ്മം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ശനിയാഴ്ച നടന്ന പൊലീസ് വെടി വയ്പില്‍ ആറ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ആന്ധ്രയില്‍ വ്യാപക പ്രതിഷേധത്തിന് വഴി വച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.