നാഗ്പൂരിലും ക്രിക്കറ്റ് ആരാധകര്‍ക്ക് അടി!

ചൊവ്വ, 8 മാര്‍ച്ച് 2011 (12:05 IST)
PRO
ലോകകപ്പ് ക്രിക്കറ്റ് ആരംഭിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അടിയുടെ കാലവും തുടങ്ങി! ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിനു വേണ്ടി ടിക്കറ്റ് വാങ്ങാനെത്തിയ ആരാധകര്‍ക്ക് ചൊവ്വാഴ്ച നാഗ്‌പൂരില്‍ പൊലീസിന്റെ ലാത്തിയടി കിട്ടി.

മാര്‍ച്ച് 12 ശനിയാഴ്ചയാണ് നാഗ്പൂരില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നത്. വിദര്‍ഭ സ്റ്റേഡിയത്തിനു വെളിയില്‍ ടിക്കറ്റിനായി കാത്തുന്നിന്ന ആരാധകര്‍ക്ക് നേരെ പൊലീസ് പലതവണ ലാത്തിവീശിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാവാത്തതു കാരണമാണ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

ബാംഗ്ലൂരിലും ഇന്ത്യന്‍ ആരാധകര്‍ക്ക് പൊലീസിന്റെ തല്ലുവാങ്ങേണ്ടി വന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന് ടിക്കറ്റ് വാങ്ങാനെത്തിയവര്‍ക്കാണ് കഴിഞ്ഞ മാസം 24 ന് പൊലീസിന്റെ ലാത്തിയുടെ ചൂടറിയേണ്ടി വന്നത്.

ലോകകപ്പ് ടിക്കറ്റ് സ്റ്റേഡിയം കൌണ്ടറുകളിലൂടെ വിറ്റഴിക്കുന്നത് വന്‍‌വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബാംഗ്ലൂരിനു പിന്നാലെ നാഗ്‌പൂരിലും ആരാധകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക