നരേന്ദ്രമോഡിക്ക് ലക്ഷക്കണക്കിന് വ്യാജ അനുയായികള്‍

വെള്ളി, 2 ഓഗസ്റ്റ് 2013 (16:25 IST)
PRO
PRO
വ്യാജന്മാരുടെ ബാധ നരേന്ദ്ര മോഡിയെ വിട്ടൊഴിയുന്നില്ല. വ്യാജ ഏറ്റുമുട്ടലിനു പിന്നാലെ വ്യാജ അനുയായികളും മോഡിയെ വിവാദത്തിലാക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ 70 ശതമാനവും വ്യാജന്മാരെന്ന് റിപ്പോര്‍ട്ട്. നവ മാധ്യമ സാങ്കേതികതകളെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമായ ' നെക്സ്റ്റ് ബിഗ് വാട്ട്. കോം ' നടത്തിയ പഠനത്തിലാണ് ട്വിറ്റര്‍ അനുയായികളില്‍ എഴുപത് ശതമാനവും വ്യാജ മേല്‍വിലാസക്കാരാണെന്ന് കണ്ടെത്തിയത്. മോഡിയുടെ മാത്രമല്ല, ശശി തരൂര്‍ ഉള്‍പ്പെടെ മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും വ്യാജ അനുയായികളുണ്ട്.

ട്വിറ്ററിലെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം നരേന്ദ്രമോഡിക്ക് 20,04,650 ഫോളോവേഴ്സ് ഉണ്ട്. ഇതില്‍ എഴുപത് ശതമാനം വ്യാജന്മാരെ കൂടാതെ ഒരു തവണ പോലും ട്വീറ്റ് ചെയ്യാത്ത 4.13 ലക്ഷം അക്കൌണ്ടുകളുമുണ്ട്.

ഇതിനിടെ ഇംഗ്ലീഷ് അക്കൌണ്ട് കൂടാതെ ഹിന്ദി, മറാത്തി, ഉര്‍ദു, ഒറിയ, ബംഗാളി, മലയാളം, തമിഴ് , കന്നഡ എന്നീ ഭാഷകളിലും നരേന്ദ്രമോഡി ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുറന്നിട്ടുണ്ട്. ബിജെ പിയുടെ ഐ ടി സെല്ലും വലിയൊരു സംഘം ടെക്കികളുമാണ് നെറ്റില്‍ മോഡിയുടെ മോടി കൂട്ടുന്നത്.

വെബ്ദുനിയ വായിക്കുക