നടി മേഘന ഗര്‍ഭിണിയാണെന്ന് ഹാക്കര്‍!

വ്യാഴം, 24 ജൂണ്‍ 2010 (14:25 IST)
PRO
ബോളിവുഡ് ഗ്ലാമര്‍ നടി മേഘന നായിഡുവിന്റെ ജി മെയില്‍ അക്കൌണ്ട് ഹാക്ക് ചെയ്ത് അപവാദ പ്രചരണം. മേഘന ഗര്‍ഭിണിയാണെന്നാണ് ഹാക്കര്‍ പ്രചരിപ്പിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലില്‍ നടി പരാതി നല്‍കിയിട്ടുണ്ട്. ഹാക്കര്‍ അയച്ച ചാറ്റ് സന്ദേശങ്ങളുടെ ഐപി നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞു. ഉപയോക്താവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് പൊലീസ് ജി മെയില്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

മേഘനയുടെ അക്കൌണ്ടില്‍ ചാറ്റിലെത്തിയ ഹാക്കര്‍ അവരുടെ ഓണ്‍ലൈന്‍ സുഹൃത്തുക്കളുമായി ആശയ വിനിമയം നടത്തി. താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും. ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല എന്നും ഇയാള്‍ മേഘനയുടെ സുഹൃത്തുക്കളോട് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ എന്തു ചെയ്യണമെന്ന ഉപദേശം ചോദിക്കാനും ഹാക്കര്‍ മറന്നിരുന്നില്ല!

ഈ സമയം ചാറ്റിലെത്തിയ നടിയുടെ മുന്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ക്ക് (പി‌ആര്‍) സംശയം തോന്നിയതാണ് കള്ളി വെളിച്ചത്താവാന്‍ കാരണം. മേഘനയെ അടുത്തറിയാവുന്ന പി‌ആര്‍ ചാറ്റ് കഴിഞ്ഞ ഉടന്‍ മേഘനയുടെ വീട്ടിലേക്ക് വിളിച്ചു. ആസമയത്ത് യോഗ ക്ലാസിലായിരുന്ന നടിയുടെ പേരില്‍ മറ്റാരോ ആണ് ചാറ്റ് ചെയ്തതെന്ന് മനസ്സിലാക്കിയ പി‌ആര്‍ വിവരം അവരെ വിളിച്ചറിയിക്കുകയായിരുന്നു.

തനിക്കെതിരെ അപവാദ പ്രചരണം നടത്തിയത് എന്തിനാണെന്നും ആരെന്നും അറിയണമെന്ന് നടി തന്റെ പരാതിയില്‍ ആവശ്യപ്പെട്ടു. ബോളിവുഡിലെ ഐറ്റം നമ്പറുകളിലൂടെ പ്രശസ്തയായ മേഘന തെലുങ്ക്, മലയാളം, തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക