നടന്‍ വിജയകാന്ത് പഠിക്കണം: വെങ്കയ്യ നായിഡു

വ്യാഴം, 28 ഒക്‌ടോബര്‍ 2010 (12:05 IST)
PRO
PRO
ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു അഴിമതിപ്പാര്‍ട്ടിയാണെന്ന് പറഞ്ഞ തമിഴ് നടന്‍ വിജയകാന്തിന്‌ രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്നും വിജയകാന്ത് ഇനിയും പഠിക്കാനുണ്ടെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ്‌ വെങ്കയ്യ നായിഡു ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

വെങ്കയ്യ നായിഡുവിന്‍റെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -

“വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് വന്നിട്ട് എത്രകാലമായി? അധികമൊന്നും ആയിട്ടില്ലല്ലോ? ഇനിയും കുറേ പഠിക്കാനുണ്ട് വിജയകാന്ത്. അതുകൊണ്ട് വിജയമാന്തിനെ പറ്റി കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

“തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിനി ഇനിയും മാസങ്ങള്‍ ഉണ്ട്. ഏതൊക്കെ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ആദ്യം തമിഴ്നാട്ടില്‍ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കുക എന്നതാണ്‌ ഞങ്ങളുടെ ലക്‌ഷ്യം.”

“അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള മുന്നോടിയായി വിശ്വഹിന്ദു പരിഷത്ത് ലോക്‌സഭാ എം‍പിമാരില്‍ നിന്ന് കയ്യൊപ്പ് ശേഖരണം നടത്തുന്നുണ്ട്. ഒരു ഡി‍എം‍കെ എം‍പിയും ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. രാമക്ഷേത്രം ഒരു പാര്‍ട്ടിയുടെയും സ്വന്തമല്ല. അതുകൊണ്ട് തന്നെ ഡി‍എം‍കെ എം‍പി ഒപ്പിട്ടതില്‍ ഒരു തെറ്റുമില്ല.”

“കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന് അരുന്ധതി റോയി അഭിപ്രായപ്പെട്ടത് പാകിസ്ഥാനെ സന്തോഷിപ്പിച്ചുകാണും. ഇന്ത്യയുടെ അവിഭാജ്യഘടകമാണ്‌ കശ്മീര്‍ എന്നതില്‍ ഒരു തര്‍ക്കത്തിനും ഇടയില്ല. ജമ്മു-കശ്മീരില്‍ നിന്ന് ജനാധിപത്യ മുറയില്‍ തെരഞ്ഞെടുക്കപ്പെട്ട എം‍പിമാരും എം‍എല്‍എമാരും ഉണ്ട്. ”

“വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി വിഭജനവാദം പ്രചരിപ്പിക്കുന്ന അരുന്ധതിക്കും ഗീലാനിക്കും എതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇന്ത്യയുടെ പല കോണുകളില്‍ നിന്നും വിഭജനവാദം ഉയരാന്‍ തുടങ്ങും.”

“കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ ഒതുക്കാനായി സി‍ബി‍ഐയെയും ഗവര്‍ണര്‍മാരേയും ഇന്‍കം‍ ടാക്സ് വകുപ്പിനെയും ഉപയോഗിക്കുകയാണ്‌. കോണ്‍ഗ്രസോ കോണ്‍ഗ്രസുമായി സഹകരിക്കുന്ന പാര്‍ട്ടികളോ അല്ലാത്ത സംസ്ഥാന സര്‍ക്കാരുകളെ വീഴ്ത്താനുള്ള തന്ത്രങ്ങളാണ്‌ കോണ്‍ഗ്രസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്” - വെങ്കയ്യ നായിഡു പറഞ്ഞു.

വെബ്ദുനിയ വായിക്കുക