നക്സലുകള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കില്ല

ശനി, 12 ജൂണ്‍ 2010 (09:20 IST)
നക്സലുകള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കില്ല എന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്‍ലിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിച്ചു. ഇതെകുറിച്ച് ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഇക്കാര്യം തീരുമാനിച്ചത്.

നക്സല്‍ ഭീഷണി നേരിടാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ മാത്രമേ കഴിയൂ എന്നും മന്ത്രിസഭാ സമിതി വിലയിരുത്തി.

സൈനികര്‍ക്ക് രാജ്യത്തിനു പുറത്തു നിന്നുള്ള ഭീഷണി നേരിടേണ്ട ചുമതല ഉള്ളതിനാല്‍ നക്സല്‍ വേട്ടയ്ക്ക് ഉപയോഗപ്പെടുത്താന്‍ ആവില്ല. ആഭ്യന്തര ഭീഷണി നേരിടേണ്ടത് പൊലീസും അര്‍ദ്ധ സൈനിക വിഭാഗവുമാണ്.

നക്സലുകള്‍ സ്ഥാപിച്ചിരിക്കുന്ന കുഴിബോംബുകള്‍ നീക്കം ചെയ്യാന്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ ദൌത്യത്തിലുണ്ടായിരുന്ന വിരമിച്ച സൈനികരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍ദ്ദേശിച്ചു. നക്സല്‍ വേട്ടയ്ക്ക് കൂടുതല്‍ കാലം വ്യോമസേനാ കോപ്ടറുകള്‍ ഉപയോഗിക്കാനാവില്ല എന്നും ആവശ്യമെങ്കില്‍ സ്വകാര്യ കോപ്ടറുകള്‍ വാടകയ്ക്ക് എടുക്കണമെന്നും ആന്റണി നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക