സൂര്യനെല്ലിക്കേസിലെ പ്രതി ധര്‍മരാജന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കുടക് ജില്ലയിലെ ടിബറ്റന്‍ സന്യാസിമാരുടെ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പൊലീസ് ചോര്‍ത്തിയ ഫോണ്‍ സന്ദേശത്തില്‍ ധര്‍മരാജന്‍ പറഞ്ഞിരുന്നു. സിദ്ധമ്മ എന്ന സ്ത്രീയുടെ പേരിലാണ് ധര്‍മരാജന്റെ മൊബൈല്‍ കണക്ഷന്‍.
എന്നാല്‍ കോട്ടയത്ത് കോടതിയില്‍ കീഴടങ്ങുമെന്നാണ് ധര്‍മരാജന്‍ ആവര്‍ത്തിക്കുന്നത്. കേരളത്തിലെയും കര്‍ണാടകത്തിലെയും സൈബര്‍ സെല്‍ സഹായത്തോടെ നടക്കുന്ന അന്വേഷണം കര്‍ണാടകത്തിലെ ബൈലക്കൂപ്പയിലേക്ക് വ്യാപിപ്പിച്ചു. മൈസൂരിലെത്തി ചാനലില്‍ പ്രത്യക്ഷപ്പെട്ട ധര്‍മരാജന്‍ മൈസൂര്‍ വിട്ട് കര്‍ണാടകത്തിലെ മറ്റ് നഗരങ്ങളിലേക്ക് നീങ്ങിയിരിക്കാമെന്നും നിഗമനമുണ്ട്.
സി ഐ രാജ്കുമാര്‍ , അയര്‍ക്കുന്നം എസ് ഐ നിസാം, എസ് ഐ ചാക്കോ സ്‌കറിയ, സിവില്‍ പോലീസ് ഓഫീസര്‍ ഷിബുക്കുട്ടന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
നഗരത്തിലെ പ്രധാന ഹോട്ടലുകള്‍ പ്രത്യേകിച്ച് മലയാളികള്‍ നടത്തുന്ന ലോഡ്‌ജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മൈസൂരിലെ അര്‍സിക്കെരെ പട്ടണത്തില്‍ ഇന്നലെ പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.ധര്‍മ്മരാജന്റെ കുടകിലെ കാപ്പിത്തോട്ടം കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേസന്വേഷണം വഴിതിരിച്ചുവിടാനായി തന്റെ സ്ഥാനത്തെക്കുറിച്ച് മനപൂര്‍വമായി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതാവാം അഡ്വക്കേറ്റായിരുന്ന ധര്‍മരാജനെന്നും കുറ്റാന്വേഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.