ദാദ്രി കൊലപാതകം: അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഗോമാംസമെന്ന് ഫൊറൻസിക് റിപ്പോർട്ട്

ചൊവ്വ, 31 മെയ് 2016 (18:42 IST)
ഉത്തർപ്രദേശിലെ ദാദ്രിയിൽ ജനക്കൂട്ടം വീട്ടില്‍ കയറി മര്‍ദ്ദിച്ചുകൊന്ന അഖ്‌ലാഖിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത് ഗോംമാംസം തന്നെയാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. അഖ്‌ലാഖിന്റെ വീട്ടിൽ ഉണ്ടായിരുന്നത് ആട്ടിറിച്ചിയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 
 
അഖ്‌ലാഖിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ മാംസം വിശദമായ പരിശോധനയ്ക്കായി ഉത്തർപ്രദേശ് പൊലീസ് മഥുരയിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്. മാംസം പശുവിന്റെയോ ആ വിഭാഗത്തിൽപ്പെടുന്നതോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭക്ഷണാവശ്യത്തിനായി എടുക്കുന്നത് നിരോധിച്ചിട്ടുള്ള മൃഗത്തിന്റെ മാംസമാണ് അഖ്‌ലാഖിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തതെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് യു പി സർക്കാർ റിപ്പോർട്ട് സമര്‍പ്പിച്ചു.
 
പശു ഇറച്ചി വീട്ടില്‍ സൂക്ഷിച്ചതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ 28നാണ് ഒരു കൂട്ടം ആളുകൾ അഖ്‍ലാഖിനെയും മകൻ ഡാനിഷിനെയും മർദിച്ചത്. ക്രൂരമായ മർദനത്തിനിരയായ അഖ്‍ലാഖ് മരിക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക