ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഗൌരവതരമായ സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരത ഉയര്‍ത്തുന്ന ഭീഷണി സമാധാന പരിപാലനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം സാര്‍ക്ക് മേഖലയിലെ രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനത്തെയും തടസ്സപ്പെടുത്തുന്നു. ദക്ഷിണേഷ്യന്‍ മേഖലയില്‍ ഗൌരവതരമായ സുരക്ഷാ ഭീഷണി ഉണ്ടെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
മേഖലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഭീകരതയെ കുറിച്ചും ഭീകര പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ തയ്യാറാവണം എന്നും രാജ്യങ്ങളുടെ പരിപൂര്‍ണ്ണമായ സഹകരണത്തിലൂടെ മാത്രമേ മേഖലയിലെ ഭീകര ഭീഷണിയെ മറികടക്കാന്‍ കഴിയൂ എന്നും ഇന്ത്യന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമെ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാരാണ് ഇസ്ലാമബാദില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.