ദക്ഷിണേന്ത്യയിലെ തുറമുഖങ്ങളില്‍ തീവ്രവാദ ഭീഷണി

ബുധന്‍, 28 ഓഗസ്റ്റ് 2013 (13:37 IST)
PTI
PTI
ദക്ഷിണേന്ത്യയിലെ തുറമുഖങ്ങളില്‍ തീവ്രവാദ ഭീഷണി. ദക്ഷിണേന്ത്യയിലെ പ്രമുഖ തുറമുഖങ്ങളായ ചെന്നൈ, എന്നൂര്‍, തൂത്തുക്കുടി, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിലാണ് തീവ്രവാദ ഭീഷണിയുള്ളത്.

തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന്‌ ഈ തുറമുഖങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. സിഐഎസ്‌എഫ്ന്റെ (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്‌) നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.

സിഐഎസ്‌എഫ്‌ ക്വിക്‌ റെസ്പോണ്‍സ്‌ ടീം, മറൈന്‍ കമാന്‍ഡോ തുടങ്ങിയ വിഭാഗങ്ങളും സുരക്ഷ നേതൃത്വത്തില്‍ ഉണ്ട്. കൂടാതെ ഇവരെ സഹായിക്കുന്നതിനു കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുമുണ്ടാവും.

തുറമുഖത്തും ഇന്ത്യന്‍ തീരത്തും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്ക് സായുധ സേനയുടെ സുരക്ഷ നല്‍കണമെന്നും കേന്ദ്ര ഷിപ്പിങ്‌ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാവികസേന, തീരസംരക്ഷണ സേന, കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പ്‌ തുടങ്ങിയ സേനാ വിഭാഗങ്ങളും കടലില്‍ പരിശോധന നടത്തുന്നുണ്ട്‌.

മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ്‌, ബോട്ട്‌ രേഖകള്‍ മറ്റ് അനുബന്ധ രേഖകളും കൈവശം വയ്ക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക