തെഹല്‍ക പീഡനം: മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചിട്ടില്ലെന്ന് തേജ്‌പാല്‍; കുറ്റപത്രം ഒന്നരമാസത്തിനുള്ളില്‍

വ്യാഴം, 5 ഡിസം‌ബര്‍ 2013 (14:40 IST)
PTI
PTI
മാധ്യമപ്രവര്‍ത്തകയെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും സമ്മതത്തോടെയുള്ള പ്രവര്‍ത്തി മാത്രമായിരുന്നുവെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാല്‍ പൊലീസിന് മൊഴി നല്‍കി. തന്റെ മുന്‍ നിലപാടില്‍ തേജ്‌പാല്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം തരുണ്‍ തേജ്പാലിനെതിരെയുള്ള പീഡനക്കേസില്‍ ഒന്നരമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു.

കേസില്‍ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്നും ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകില്ലെന്നും പരീക്കര്‍ പറഞ്ഞു. ഇ-മെയിലിലൂടെ തേജ്പാല്‍തന്നെ കുറ്റം സമ്മതിച്ചതാണ്. ആ നിലയ്ക്ക് സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതിനിടെ, മജിസ്‌ട്രേട്ടിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ മുന്‍ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയെയും തെഹല്‍കയിലെ സാക്ഷികളായ മൂന്നു ജീവനക്കാരെയും ഗോവ പോലീസ് വിളിപ്പിച്ചേക്കും. സഹപ്രവര്‍ത്തകരോടാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്.

ഇവര്‍ക്ക് സമന്‍സ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. മാനേജിങ് എഡിറ്റര്‍ സ്ഥാനം ഒഴിയും മുമ്പ് ഡല്‍ഹിയില്‍വെച്ച് ഷോമയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായ തരുണ്‍ തേജ്പാലിനെ രണ്ടാംവട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തിങ്കളാഴ്ച ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വൈദ്യപരിശോധന നടത്തിയിരുന്നു.

അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ച ലോക്കപ്പ് മുറിയില്‍ ഫാന്‍ വേണമെന്ന തേജ്പാലിന്റെ ആവശ്യം ഗോവ കോടതി ബുധനാഴ്ച തള്ളി. തേജ്പാല്‍ ഇപ്പോള്‍ പനാജി പോലീസിന്റെ കസ്റ്റഡിയിലാണ്. പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന്, ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക