തെരഞ്ഞെടുപ്പ് ഫലം ലൈവ്: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു; ജനവിധിയില്‍ കണ്ണുനട്ട് രാജ്യം

ശനി, 11 മാര്‍ച്ച് 2017 (08:13 IST)
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ആ ഫലം ഇന്നറിയാം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി. ഇതിന് ശേഷമായിരിക്കും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള വോട്ടുകള്‍ എണ്ണിത്തുടങ്ങുക. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് ഉച്ചയോടെ അറിയുക. 
 
വോട്ടെടുപ്പിന്റെ പ്രവണതകളുമായി കഴിഞ്ഞ ദിവസമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ആ ഫലത്തില്‍ യു പിയിലും മറ്റും ബി ജെ പിക്കാണ് മേല്‍കൈ പ്രവചിച്ചിരുന്നത്. അതേസമയം, എക്സിറ്റ് പോള്‍ ഫലങ്ങള്‍ സംശയാസ്പദമെന്ന നിലയിലാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നത്. ബിഹാറിലും മറ്റും തെറ്റിയതുപോലെ, വോട്ടെണ്ണല്‍ കഴിയുമ്പോള്‍ എക്സിറ്റ് ഫലങ്ങള്‍ പൊള്ളയാണെന്ന് തെളിയുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ പറഞ്ഞു.
 
കേന്ദ്രസര്‍ക്കാരിനും അതോടൊപ്പം ബിജെപിക്കും നിര്‍ണായകമായ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലമാണ് രാജ്യം ഏറ്റവും വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. 403 സീറ്റുകളിലേക്കായിരുന്നു യു പിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യവും ബിജെപിയും തമ്മിലാണ് യുപിയില്‍ മുഖ്യപോര് നടക്കുന്നത്. മായാവാതിയുടെ ബിഎസ്പിയേയും വിലകുറച്ച് കാണാന്‍ സാധിക്കില്ല. സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന അവകാശവാദമാണ് വെള്ളിയാഴ്ച്ച ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക