തെരഞ്ഞെടുപ്പില്‍ ഒഴുകുന്നത് കള്ളപ്പണവും ലഹരിയും; പിടികൂടിയത് 195 കോടിയും 26.56 ലക്ഷം ലിറ്റര്‍ മദ്യവും!

ചൊവ്വ, 8 ഏപ്രില്‍ 2014 (09:56 IST)
PRO
PRO
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കള്ളപ്പണവും മദ്യവും ഒഴുകുന്നു. വോട്ട് പിടിക്കാന്‍ ഉപയോഗിച്ച 195 കോടി രൂപയും 26.56 ലക്ഷം ലിറ്റര്‍ മദ്യവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം കണ്ടെടുത്തത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണവും ലഹരി വസ്തുക്കളും വിതരണം ചെയ്തതിന് 11,500 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് വിവിധയിടങ്ങളില്‍ നിന്ന് 195 കോടി രൂപ പിടിച്ചെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍വ്വീസില്‍ നിന്നുള്ള 659 ഉന്നത ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ നിന്നും 118 കോടി രൂപയും തമിഴ്‌നാട്ടില്‍ നിന്നും 18.31 കോടിരൂപയും മഹാരാഷ്ട്രയില്‍ നിന്നും 14.40 കോടി രൂപയും ഉത്തര്‍പ്രദേശില്‍ നിന്നും 10.46 കോടി രൂപയും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പിടിച്ചെടുത്തു. പഞ്ചാബില്‍ നിന്നും നാല് കോടി രൂപയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താരതമ്യേന ചെറിയ സംഖ്യകളും പിടിച്ചെടുത്തിട്ടുണ്ട്.

വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച 26.56 ലക്ഷം ലിറ്റര്‍ മദ്യവും 70 കിലോഗ്രാം ഹെറോയിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് അഞ്ച് മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നലെ വരെ പിടിച്ചെടുത്തവയാണ് ഇവയെല്ലാം.

വെബ്ദുനിയ വായിക്കുക