മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ തെങ്കാശിപ്പട്ടണം തമിഴിലേക്ക് മൊഴിമാറിയപ്പോള്‍ ശരത്‌കുമാര്‍ നായകനായി അഭിനയിച്ചിരുന്നു. ‘തെങ്കാശിപ്പട്ടണം’ എന്ന പേരില്‍ തന്നെ റാഫി - മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ സിനിമ തമിഴകത്തും വന്‍ ഹിറ്റായിരുന്നു. എന്നാല്‍, ആ തെങ്കാശിപ്പട്ടണത്തെ പറ്റിയല്ല, തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലമായ തെങ്കാശിപ്പട്ടണത്തെ പറ്റിയാണ് ഈ വാര്‍ത്ത. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മുന്നണിയുടെ തെങ്കാശിയിലെ സ്ഥാനാര്‍ത്ഥിയാണ് ശരത്കുമാര്‍.
പത്രപ്രവര്‍ത്തനം, രാഷ്ട്രീയം, ബോഡി ബില്‍ഡിംഗ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ശരത്കുമാര്‍ ‘സൂര്യന്‍’ എന്ന സിനിമയിലെ നായകവേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഡിഎംകെയിലൂടെയാണ് ശരത്‌കുമാര്‍ രാഷ്ട്രീയത്തില്‍ എത്തുന്നത്. ഡിഎംകെയുടെ രാജ്യസഭാംഗമായിരുന്ന ശരത്‌കുമാര്‍ പിന്നീട് ഡിഎംകെ വിട്ട് ജയലളിതയോടൊപ്പം കൂടി. ഭാര്യ രാധികയും ശരത്‌കുമാറിനൊപ്പം എഐഎഡിഎംകെയിലേക്ക് ചേക്കേറി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് രാധിക എഐഎഡിഎംകെയില്‍ നിന്ന് പുറത്തായതോടെ ശരത്‌കുമാറും പാര്‍ട്ടിവിട്ടു. തുടര്‍ന്ന് സമത്വ മക്കള്‍ കക്ഷി എന്ന പേരില്‍ ശരത്‌കുമാര്‍ ഒരു പാര്‍ട്ടി ആരംഭിച്ചെങ്കിലും തമിഴകത്ത് വലിയ ചലനം ഉണ്ടാക്കാന്‍ ആ പാര്‍ട്ടിക്കായില്ല. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും നേടിയെടുക്കാനാകില്ലെന്ന തിരിച്ചറിവ് ശരത്‌കുമാറിനെ എഐഎഡിഎംകെ പാളയത്തില്‍ എത്തിക്കുകയായിരുന്നു.
കരുണാനിധിയെയും ഡിഎംകെയെയും മുട്ടുകുത്തിക്കാന്‍ താരനിബിഡമായ ഒരു മുന്നണിയെയാണ് ജയലളിത ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിജയകാന്ത്, ശരത്‌കുമാര്‍, കാര്‍ത്തിക്ക് തുടങ്ങി പലരും ഇപ്പോള്‍ തന്നെ മുന്നണിയിലുണ്ട്. വിജയ്‌യും അജിത്തും ജയലളിതയ്ക്കൊപ്പം കൂടുമെന്നാണ് കരുതപ്പെടുന്നത്. എല്ലാം ജയലളിത കരുതുന്ന പോലെ നടന്നാല്‍ ‘തെങ്കാശിപ്പട്ടണ’ത്തിന്റെ വിജയം തെങ്കാശിയിലും ശരത്‌കുമാര്‍ ആവര്‍ത്തിച്ചേക്കും.