തീവ്രവാദികള്‍ എത്തിയത് കടല്‍മാര്‍ഗം

ശനി, 28 ഫെബ്രുവരി 2009 (17:16 IST)
കൊച്ചി: മുംബൈ ഭീകരാക്രമണത്തിനായി പാകിസ്ഥാനില്‍ നിന്ന് തിവ്രവാദികള്‍ എത്തിയത് കടല്‍ മാര്‍ഗം തന്നെയാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി. ഇന്ത്യ നടത്തിയ അന്വേഷണങ്ങള്‍ ഇത് അടിവരയിടുന്നുണ്ടെന്നും ആന്‍റണി പറഞ്ഞു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കീലിടല്‍ കര്‍മ്മം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആന്‍റണി. 26/11 ആക്രമണത്തിനുശേഷം നമ്മുടെ വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ തീവ്രവാദികള്‍ എത്തിയത് കടല്‍മാര്‍ഗം തന്നെയാണെന്ന് അസന്ദിഗ്ദ്ധമായി തെളിഞ്ഞിട്ടുണ്ടെന്നും ആന്‍റണി പറഞ്ഞു.

ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മ്മിക്കുന്നതിനു പിന്നാലെ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയ്‌ക്കു കഴിയുമെന്നാണ്‌ തന്‍റെ പ്രതീക്ഷയെന്നും ആന്‍റണി പറഞ്ഞു. കപ്പലിന്‍റെ നിര്‍മ്മാണം 2011ല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ആക്രമണത്തിനിടെ പിടിയിലായ ഏക തീവ്രവാദി അജ്‌മല്‍ അമീര്‍ കസബ്‌ അടക്കമുള്ള തീവ്രവാദികള്‍ കടല്‍ മാര്‍ഗമാണ് ഇന്ത്യയിലെത്തിയത് എന്നതിന് യാതൊരു തെളിവുമില്ലെന്ന് പാകിസ്ഥാന്‍ നാവികസേനാ മേധാവി അഡ്മിറല്‍ നോമന്‍ ബഷീര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു‍.

തീവ്രവാദികള്‍ കടല്‍ മാര്‍ഗം തന്നെയാണ് ഇന്ത്യില്‍ എത്തിയതെങ്കില്‍ അത് ഇന്ത്യന്‍ നാവികസേനയുടെയും തീരദേശ സേനയുടെയും പരാജയമാണെന്നും ബഷീര്‍ കുറ്റപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക