ബീഹാറിലെ ഒരു കോടതി വിധിക്കെതിരെ ശിവസേന തലവന്‍ ബാല്‍ താക്കറെ പാര്‍ട്ടി മുഖപത്രമായ ‘സാംമ്ന’യില്‍ എഴുതിയ ലേഖനം വിവാദമാകുന്നു. കോടതി വിധി അനുസരിച്ച് തന്റെ സ്വത്ത് കണ്ടുകെട്ടാന്‍ വരുന്നവരുടെ കരണത്ത് ചെരുപ്പ് വച്ചുള്ള പ്രഹരം ലഭിക്കുമെന്ന് എഴുതിയത് കോടതിയലക്‍ഷ്യമാണെന്നും താക്കറെയ്ക്ക് വിനയാകുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.
2008-ല്‍ താക്കറെ ബീഹാറികള്‍ക്കെതിരെ സാംമ്നയില്‍ തന്നെ എഴുതിയ ഒരു ലേഖനം ബീഹാറികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ‘അര’യിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് താക്കറെയുടെ സ്വത്ത് കണ്ടുകെട്ടാന്‍ വിധിച്ചത്.
ബാന്ദ്രയിലുള്ള തന്റെ വസതിക്ക് വെളിയില്‍ കാണാന്‍ സാധിക്കുന്ന സന്ദര്‍ശകരുടെ ചെരുപ്പുകളും ഷൂസുകളും മാത്രമാണ് തന്റെ സമ്പാദ്യം. തന്റെ സ്വത്ത് കണ്ടുകെട്ടാന്‍ വരുന്നവരുടെ ചെകിട്ടത്ത് ഈ പാദരക്ഷകള്‍ മറാത്തികളുടെ സ്വാഭിമാനത്തിന്റെ മുദ്രയായി പതിയാതെ സൂക്ഷിക്കണം എന്നും സാംമ്നയിലെ വിവാദ ലേഖനത്തില്‍ പറയുന്നു.
ഷിര്‍ദ്ദി സായി ബാബയ്ക്ക് ഭക്തര്‍ സ്വര്‍ണ സിംഹാസനവും കിരീടവും മറ്റും കാണിക്ക അര്‍പ്പിക്കാറുണ്ട്. എന്റെ ജീവിതവും അതുപോലെയാണ്. എനിക്ക് ധാരാളം ധനം ലഭിക്കുന്നുണ്ട് എങ്കിലും അത് സ്വിസ് ബാങ്കിലിട്ട് ചീയാന്‍ അനുവദിക്കില്ല, അത് പാവങ്ങളെ സഹായിക്കാനുള്ളതാണ് എന്നും താക്കറെ പറയുന്നു.