തണുത്തുറഞ്ഞ തടാകത്തില്‍ ചാടി മുങ്ങുന്ന കാറില്‍ നിന്നും മന്ത്രി ആറുപേരെ രക്ഷിച്ചു

ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (11:45 IST)
PRO
മന്ത്രിമാര്‍ പലപ്പോഴും അപകടസ്ഥലം സന്ദര്‍ശിക്കുന്നതായാണ് നമ്മള്‍ വാര്‍ത്തകള്‍ കേട്ടിരിക്കുന്നത് എന്നാല്‍ ഇതാ വ്യത്യസ്തമായ ഒരു വാര്‍ത്ത ഒരു മന്ത്രി സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ച് തടാകത്തിലേക്ക് എടുത്തുചാടി അപകടത്തില്‍ പെട്ട ആറ് പേരെയാണ് രക്ഷിച്ചത്.

നമ്മുടെ അയല്‍‌സംസ്ഥാനമായ കര്‍ണാടകത്തിലാണ് ഒരു മന്ത്രി സ്വന്തം ജീവന്‍ പോലും പണയം വെച്ച് തടാകത്തിലേക്ക് എടുത്തുചാടി അപകടത്തില്‍ പെട്ട ആറ് പേരെ രക്ഷിച്ചത്.

തടാകത്തിലേക്ക് വീണ് കാര്‍ മുങ്ങുന്നത് കണ്ടാണ് കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിമ്മണെ രത്‌നാകര്‍ യാത്രനിര്‍ത്തി കാറില്‍ നിന്നിറങ്ങി എടുത്തുചാടിയത്. മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ അംഗരക്ഷകരും വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ജന്മനാടായ തീര്‍ഥഹള്ളിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരുന്നു 61 കാരനായ കിമ്മണെ. ബേഗുവള്ളി തടാകത്തിനടുത്തെത്തിയപ്പോള്‍ വെള്ളനിറത്തിലുള്ള സ്വിഫ്ട് കാര്‍ തടാകത്തില്‍ മുങ്ങുന്നതാണ് കിമ്മനെ കാണുന്നത് .

കാര്‍ നിര്‍ത്തി മന്ത്രി തടാ‍കത്തില്‍ ചാടി. പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ഹാള്‍സ്വാമി, ഡ്രൈവര്‍ ചന്ദ്രശേഖര്‍, അകമ്പടി വാഹനത്തിന്റെ ഡ്രൈവര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും വെള്ളത്തിലേക്ക് ചാടി.

ഉദയ്കുമാര്‍(40),ഭാര്യ സുമ(35), ഉദയകുമാറിന്റെ അമ്മ ഗീത(55), 14 ഉം എട്ടും വയസ്സ് പ്രായമുള്ള മക്കള്‍, മൂന്നു വയസ്സ് പ്രായമുള്ള ബന്ധുവായ കുട്ടി എന്നിവരെയാണ് രക്ഷപെടുത്തിയത്.

വെബ്ദുനിയ വായിക്കുക