ഡല്‍ഹി കൂട്ടമാനഭംഗം; കുറ്റപത്രം സമര്‍പ്പിച്ചു

വെള്ളി, 4 ജനുവരി 2013 (01:33 IST)
PRO
PRO
ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായിവിദ്യാര്‍ഥിനി മരിച്ച കേസില്‍ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതികളായ രാം സിംഗ്‌, സഹോദരന്‍ മുകേഷ്‌, കൂട്ടാളികളായ പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ, അക്ഷയ്‌ ഠാക്കൂര്‍ എന്നിവര്‍ക്കെതിരേയാണു കുറ്റപത്രം.

പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിയെ ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടാതിരിക്കാന്‍ കേസില്‍ രഹസ്യവിചാരണ നടത്തണമെന്നു പബ്ലിക്‌ പ്രോസിക്യൂട്ടര്‍ രാജീവ്‌ മോഹന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ സൂര്യ മാലിക്‌ ഗ്രോവര്‍ 1600 പേജുള്ള കുറ്റപത്രം പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി.

കഴിഞ്ഞ ദിവസം ചീഫ്‌ ജസ്‌റ്റീസ്‌ അല്‍ത്തമാസ്‌ കബീര്‍ ഉദ്‌ഘാടനം ചെയ്‌ത സാകേതിലെ അതിവേഗ കോടതിയിലേക്കു പിന്നീടു മാത്രമേ വിചാരണ മാറ്റുകയുള്ളൂ. ജഡ്‌ജിയെ തെരഞ്ഞെടുക്കാത്തതിനാല്‍ അതിവേഗ കോടതി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പ്രതികള്‍ക്കു വേണ്ടി ഹാജാരാകില്ലെന്നു സാകേത്‌ കോടതിയിലെ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുണ്ട്‌.

പ്രതികളായ അഞ്ചു പേര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകം, കൊലപാതകശ്രമം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, പിടിച്ചുപറിക്കായി പരുക്കേല്‍പ്പിക്കുക, തെളിവുനശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്‌. 19നും 35 നും മധ്യേ പ്രായമുള്ളവരാണു പ്രതികള്‍ അഞ്ചു പേരും. കേസില്‍ പെണ്‍കുട്ടിയുടെ മരണമൊഴിയും ചികില്‍സിച്ച ഡോക്‌ടര്‍മാരുടെ മൊഴിയും നിര്‍ണായകമാകും. മാനഭംഗം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്താണ്‌ പ്രധാനസാക്ഷി.

പെണ്‍കുട്ടിയെ രണ്ടു തവണ ബലാല്‍സംഗം ചെയ്‌ത കുട്ടിക്കുറ്റവാളിയുടെ ക്രൂരതകള്‍ കുറ്റപത്രത്തിന്റെ മുപ്പത്തിമൂന്നാം പേജില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. പെണ്‍കുട്ടിയുടെ പേരും കുടുംബത്തിന്റെ വിശദാംശങ്ങളും പുറത്തുപോകാതിരിക്കാന്‍ എഫ്‌.ഐ.ആറിന്റെ ഉള്ളടക്കവും കുറ്റപത്രത്തിനൊപ്പം മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറിയ രേഖകളും തെളിവുകളും പുറത്തുവിടരുതെന്നു നിര്‍ദേശം നല്‍കാന്‍ പോലീസ്‌ കോടതിയില്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക