ട്രെയിന്‍ ടിക്കറ്റ്: ഏജന്‍റുമാരുടെ കളി ഇനി നടക്കില്ല!
വെള്ളി, 26 ഓഗസ്റ്റ് 2011 (20:48 IST)
PTI
ട്രെയിന്‍ ടിക്കറ്റുകള്‍ ഏജന്‍റുമാര്‍ കൂട്ടത്തോടെ കൈക്കലാക്കുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ടിക്കറ്റ് ബുക്കിംഗിന് ഏജന്‍റുമാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
തത്കാല്‍ ടിക്കറ്റുകളില്‍ ഇനി മുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന രാവിലെ എട്ട് മുതല്‍ ഒമ്പത് വരെ ഒരു മണിക്കൂര്‍ സമയം ഏജന്‍റുമാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് അനുവദിക്കില്ല. എല്ലാ ദിവസവും ഇ - ടിക്കറ്റ് ബുക്കിംഗിനും നിയന്ത്രണമുണ്ടായിരിക്കും. റെയില്‍വെ മന്ത്രി ദിനേശ് ചതുര്‍വേദി പാര്‍ലമെന്‍റില്‍ അറിയിച്ചതാണ് ഇക്കാര്യം.
തിരക്കേറിയ സീസണുകളില്‍ തത്കാല്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ കൈക്കലാക്കി വന്‍ ലാഭമുണ്ടാക്കുന്ന ഏജന്‍സികളെക്കുറിച്ചുള്ള പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.