ചെന്നൈക്കടുത്ത് വ്യാസര്‍പാടിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് ദുരൂഹത തുടരുന്നു. തീവണ്ടി ഓടിച്ച ആളെക്കുറിച്ചോ സിഗ്നല്‍ നല്‍കിയ ആളെക്കുറിച്ചോ റെയില്‍വേയ്ക്ക് കൃത്യമായ വിവരമില്ല.
പുറപ്പെടേണ്ട സമയത്തിന് മുമ്പേയാണ് തീവണ്ടി സ്റ്റേഷനില്‍ നിന്ന് തിരിച്ചതെന്ന് മാത്രമാണ് അപകടത്തെക്കുറിച്ച് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്റ്റോപ്പുണ്ടായിരുന്ന അടുത്ത മൂന്ന് സ്റ്റേഷനുകളില്‍ വണ്ടി നിര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാവിലെ ആറ് മണിയോടെയാണ് ഏഴ് പേരുടെ ജീവന്‍ പൊലിഞ്ഞ അപകടമുണ്ടായത്. 20 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
തിരുവള്ളൂര്‍ - ചെന്നൈ പാതയില്‍ വരികയായിരുന്ന പാസഞ്ചര്‍ തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. യാത്രാ തീവണ്ടിയുടെ ആദ്യ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് ബോഗികളില്‍ തീ പിടിച്ചു. ഇത് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാക്കി.
എത്രപേര്‍ അപകടത്തില്‍ മരിച്ചെന്നതിന്‍റെ വ്യക്തമായ കണക്ക് റെയില്‍വേ പുറത്തുവിട്ടിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈ - തിരുവള്ളൂര്‍ പാതയിലെ എല്ലാ സബര്‍ബന്‍ തീവണ്ടി സര്‍വ്വീസും നാല് മണിവരെ നിര്‍ത്തിവച്ചതായി ദക്ഷിണറെയില്‍വേ അറിയിച്ചു.