ടിടിഇമാര്‍ എംഎല്‍എയെ ആക്രമിച്ചു; ഭാര്യയെ മാനഭംഗപ്പെടുത്താനും ശ്രമം

തിങ്കള്‍, 4 ഫെബ്രുവരി 2013 (11:51 IST)
PRO
PRO
ട്രെയിനില്‍ എം എല്‍ എയ്ക്കും കുടുംബത്തിന് പോലും രക്ഷയില്ല. ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം യാത്ര ചെയ്ത ബിജെപി എംഎല്‍എയ്ക്കാണ് ഈ ദുരിതം. എംഎല്‍എയോടും ഭാര്യയോടും മോശമാ‍യി പെരുമാറിയതിന് ടിടിഇമാര്‍ അറസ്റ്റിലായി. ഈസ്റ്റേണ്‍ സെന്‍‌ട്രല്‍ റയില്‍‌വെ ധനപൂര്‍ ഡിവിഷനില്‍ പാറ്റ്ന സാഹിദ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഭോജ്പൂര്‍ ജില്ലയിലെ അഗിയോണ്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശിവേഷ് കുമാറും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ടി ടി ഇമാര്‍ അറസ്റ്റിലായി.

ധനപൂര്‍-ഹൌറ എക്സ്പ്രസ് (12352) ട്രെയിനിലെ എസി 1 കോച്ചില്‍ ആണ് ഇവര്‍ യാത്ര ചെയ്തത്.
ഇതേ കോച്ചില്‍ യാ‍ത്രക്കാരായി ഉണ്ടായിരുന്ന ടി ടി ഇമാരാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. പരസ്യമായി മദ്യപിച്ച ഇവര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ടി ടി‌ഇമാര്‍ ഇവരോട് മോശമായി പെരുമാറരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല.

തുടര്‍ന്ന് ഇവര്‍ എം എല്‍ എയെ ആക്രമിക്കുകയും ഭാര്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ എംഎല്‍എ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി. വനിത പൊലീസ് ഉള്‍പ്പെടെയുള്ള സംഘമെത്തിയാണ് എംഎല്‍എയും കുടുംബത്തെയും മറ്റ് യാത്രക്കാരെയും ടിടിഇമാരുടെ ശല്യത്തില്‍ നിന്നു രക്ഷിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റയില്‍‌വെ അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക