ഝാര്‍ഖണ്ഡില്‍ വീണ്ടും നരബലി

വ്യാഴം, 22 ഏപ്രില്‍ 2010 (10:43 IST)
PRO
ഝാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ ഒരു അറുപതുകാരിയെ ദേവ പ്രീതിക്കായി ബലികൊടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലികൊടുത്ത പൂജാരിയെയും മൂന്ന് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി 11 നരബലികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഖൈര ജാഗിര്‍ ഗ്രാമത്തില്‍ നിന്നുള്ള ബുധനി ദേവിയെ ഏപ്രില്‍ ഒമ്പതിനാണ് ഭുനേശ്വര്‍ ബൈഗ എന്ന പൂജാരിയും മൂന്ന് സഹായികളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. അമ്മയെ തെരഞ്ഞു നടന്ന ബുധനിയുടെ മകന്‍ കുന്ദന്‍ ഒരവോണിന് ബുധനാഴ്ച തന്റെ മാതാവിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും കാടിനടുത്ത് നിന്ന് ലഭിച്ചതാണ് അന്വേഷണത്തിനു വഴിത്തിരിവായത്.

കുന്ദന്‍ ഗ്രാമീണരോട് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ ചേര്‍ന്ന് തന്റെ മാതാവിനെ ബലികൊടുത്തു എന്ന് മനസ്സിലായത്. ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടതിനാല്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന നാല് പേരെയും കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചു. ഭുനേശ്വര്‍ കുറ്റസമ്മതം നടത്തി എന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക