ഝാര്‍ഖണ്ഡില്‍ ബിജെപി മന്ത്രിസഭ?

വെള്ളി, 30 ഏപ്രില്‍ 2010 (08:21 IST)
ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്ന് ഷിബു സോറനും മകന്‍ ഹേമന്ത് സോറനും ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍‌വലിക്കുന്ന കാര്യം അറിയിക്കുന്നതിനായി ഗവര്‍ണറെ കാണുന്നത് മാറ്റിവച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി ഇന്നും യോഗം ചേരും. കഴിഞ്ഞ ദിവസം രാത്രി പാര്‍ട്ടിയുടെ ഉന്നതാധികാ‍ര സമിതി യോഗം ചേര്‍ന്നിരുന്നു.

സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ഉടന്‍ തന്നെ ആരംഭിക്കണമെന്ന് ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസം നടത്തിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒരു ഗോത്രവര്‍ഗ്ഗക്കാരനായ മുഖ്യമന്ത്രി വേണമെന്ന ആവശ്യവും ഷിബു സോറന്റെ മകന്‍ മുന്നോട്ടുവച്ചു.

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കും പിന്നീട് രാത്രി ഏഴ് മണിക്കും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി സമയം ചോദിച്ചിരുന്നു. രണ്ട് തവണയും കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു.

പാര്‍ലമെന്റില്‍ ഖണ്ഡന പ്രമേയം അവതരിപ്പിച്ചപ്പോള്‍ സോറന്‍ യുപി‌എ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് എടുത്തതാണ് ബിജെപി-ജെ‌എം‌എം ബന്ധം വഷളാവാന്‍ കാരണമായത്.

വെബ്ദുനിയ വായിക്കുക