ജോധ്‌പൂര്‍: മരണം 113 ആയി

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2008 (12:48 IST)
ജോധ്പൂരിലെ ചാമുണ്ടാ ദേവി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 113 ആയി. 400 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ കിട്ടിയ വിവരം.

നവരാത്രി പൂജയുടെ തുടക്കമായതിനാല്‍ ഇന്ന് രാവിലെ വന്‍ ജനത്തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. തിക്കും തിരക്കുമുണ്ടാവാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ബോംബ് ഭീഷണിയെ കുറിച്ചുള്ള വ്യാജ വാര്‍ത്തയാണ് തിരക്കിനു കാരണമായതെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് 78 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

30 മൃതദേഹങ്ങള്‍ ജോധ്‌പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിലും 10 മൃതദേഹങ്ങള്‍ മഥുരാദാസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് ഡിവിഷണല്‍ കമ്മീഷണര്‍ കിരന്‍ സോണി ഗുപ്ത പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനിക സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലുണ്ടായിരുന്നവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. നവരാത്രി പൂജകളുടെ തുടക്കത്തിന് സാക്‍ഷ്യം വഹിക്കാനായി അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക