ജാര്‍ഖണ്ഡില്‍ 32 എംഎല്‍എമാരുടെ വീട്ടില്‍ സിബിഐ റെയ്‌ഡ്

വെള്ളി, 18 മെയ് 2012 (14:53 IST)
PRO
PRO
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന ആരോപണത്തില്‍ ജാര്‍ഖണ്ഡിലെ എം എല്‍ എമാരുടെ വീടുകളില്‍ വ്യാപക റെയ്ഡ്. ആരോപണ വിധേയരായ 32 എംഎല്‍എമാരുടെയും ഒരു മുന്‍ എംപിയുടെയും വീടുകളിലാണ് റെയ്ഡ്.

എംഎല്‍എമാരുടെ റാഞ്ചി, ഷാംഷെഡ്‌പൂര്‍, ഹസാരീബാദ്‌, ഗോഡ്‌ഡ, ബിഹാര്‍ ബങ്ക, ഗിരിദ്ദി എന്നിവിടങ്ങളിലെ വീടുകള്‍ക്ക് പുറമെ ബിഹാറിലും പശ്ചിമ ബംഗാളിലും റെയ്ഡ് നടന്നു. എംഎല്‍എമാര്‍ ഉപയോഗിച്ച സര്‍ക്കാര്‍ ഗസ്‌റ്റ് ഹൗസുകളിലും പരിശോധനയുണ്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ വ്യവസായ പ്രമുഖന്‍ ആര്‍കെ അഗര്‍വാളിനു വേണ്ടി കോഴ കൈപ്പറ്റിയെന്ന കേസിലാണ് സി ബി ഐ അന്വേഷണം നടത്തുന്നത്‌. ഭരണകക്ഷിയായ ജെഎംഎം, ആജ്‌സു പാര്‍ട്ടി, പ്രതിപക്ഷമായ ആര്‍ജെഡി, കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരാണ്‌ അന്വേഷണം നേരിടുന്നത്‌.

സ്വതന്ത്ര സ്‌ഥാനാര്‍ഥിയുടെ വസതിക്കു സമീപം കാറില്‍ നിന്ന്‌ 2.15 കോടി രൂപ ആദായ നികുതി ഉദ്യോഗസ്‌ഥര്‍ പിടികൂടിയതോടെയാണ്‌ കുതിരക്കച്ചവടം പുറത്തായത്. മാര്‍ച്ച്‌ 30-നായിരുന്നു തെരഞ്ഞെടുപ്പ്.

വെബ്ദുനിയ വായിക്കുക