ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിയെടുക്കാമെന്ന് അറ്റോര്‍ണി ജനറല്‍

ശനി, 21 ഡിസം‌ബര്‍ 2013 (09:00 IST)
PRO
ലൈംഗികാരോപണം നേരിടുന്ന പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെ കേസെടുക്കാമെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം.

രാഷ്ട്രപതിക്ക് റഫറന്‍സ് അയയ്ക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച ഉണ്ടാകും. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് നിയമമന്ത്രാലയത്തിന് നല്‍കിയ ഉപദേശത്തില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി വ്യക്തമാക്കി.

രാഷ്ട്രപതിക്ക് ലഭിച്ച പരാതി ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്തിരുന്നു. പരാതി നിയമമന്ത്രാലയമാണ് അറ്റോര്‍ണി ജനറലിനയച്ചത്. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ അടുത്തയാഴ്ച തന്നെ അന്വേഷണത്തിന് നടപടികള്‍ തുടങ്ങിയേക്കും.

യുവഅഭിഭാഷകയുടെ ആരോപണം ബ്ലോഗില്‍ വന്നതിനെ ത്തുടര്‍ന്ന് സുപ്രീം കോടതി നിയമിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതി നടത്തിയ അന്വേഷണത്തില്‍ ജസ്റ്റിസ് ഗാംഗുലിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു.

ആരോപണങ്ങള്‍ ജസ്റ്റിസ് ഗാംഗുലി നിഷേധിച്ചിട്ടുണ്ട്. അതേസമയം, അഭിഭാഷകയോട് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ഡല്‍ഹി പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതുവരെ ഹാജരായിട്ടില്ല.

വെബ്ദുനിയ വായിക്കുക