ജയലളിതയെ കാണാന്‍ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ചെന്നൈയില്‍ എത്തി

തിങ്കള്‍, 19 ജനുവരി 2015 (11:17 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ചെന്നൈയിലെത്തി. ഞായറാഴ്ച ജയലളിതയുടെ വസതിയായ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ എത്തിയാണ് അരുണ്‍ ജയ്‌റ്റ്‌ലി ജയയെ കണ്ടത്. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു.
 
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷം ഇത് ആദ്യമായാണ് ഒരു ബി ജെ പി നേതാവ് ജയലളിതയെ കാണാന്‍ എത്തിയത്. പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കാന്‍ എ ഐ എ ഡി എം കെയുടെ പിന്തുണ തേടുന്നതിനാണ് അരുണ്‍ ജയ്‌റ്റ്‌ലി പോയസ് ഗാര്‍ഡനില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ .
 
ലോക്സഭയില്‍ ബി ജെ പിക്ക് ഭൂരിപക്ഷം ഉണ്ടെങ്കില്‍ രാജ്യസഭയില്‍ ഭൂരിപഷത്തിന് കുറവുണ്ട്. ഈ സാഹചര്യത്തിലാണ് എ ഐ എ ഡി എം കെയുടെ പിന്തുണ ആവശ്യപ്പെട്ട് അരുണ്‍ ജയ്‌റ്റ്‌ലി ചെന്നൈയില്‍ എത്തിയത്. 
 
ലോക്സഭയില്‍ 37 എം പിമാരും രാജ്യസഭയില്‍ 11 എം പിമാരുമാണ് എ ഐ എ ഡി എം കെയ്ക്ക് ഉള്ളത്. 

വെബ്ദുനിയ വായിക്കുക