ജനനത്തീയതി വിവാദത്തില്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗിന് അനുകൂലമായി വിമുക്‌ത ഭടന്മാരുടെ സംഘടനയായ ഗ്രനേഡിയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സമാനമായ റിട്ട് ഹര്‍ജി വി കെ സിംഗ് സമര്‍പ്പിച്ചിട്ടുണ്ടന്നു വ്യക്‌തമാക്കിയാണ് ചീഫ് ജസ്‌റ്റീസ് എച്ച് എസ് കപാഡിയ ഉള്‍പ്പെടുന്ന ബെഞ്ച് വിമുക്ത ഭടന്‍മാരുടെ ഹര്‍ജി തള്ളിയത്.
വി കെ സിംഗിന്റെ ഹര്‍ജി പരിഗണനയിലിരിക്കുമ്പോള്‍ മറ്റൊരു ഹര്‍ജിയില്‍ തീര്‍പ്പു കല്പിക്കുന്നത് സിംഗിന് നീതി നിഷേധത്തിന് ഇടയാക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങള്‍ പൊതുതാല്‍പര്യ ഹര്‍ജിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് അറിയിച്ചു.
വി കെ സിംഗിന്റെ ജനനത്തീയതി 1951 മെയ് 10 അംഗീകരിക്കണമെന്നും പുതിയ വിവാദം കരസേന മേധാവിയുടെയും സൈന്യത്തിന്റെയും ആത്മാഭിമാനത്തെയും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രനേഡിയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ജനനത്തീയതി വിവാദത്തില്‍ വി കെ സിംഗും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍, ഹര്‍ജി ഉടന്‍ പരിഗണിക്കേണ്ടെന്ന് കാട്ടി വി കെ സിംഗ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
സിംഗിന്റെ ആത്മാഭിമാനം വ്രണപ്പെടാതെ വിരമിക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുന്നത്. ജനനതീയതി 1951 ആയി അംഗീകരിക്കും. എന്നാല്‍ , 1950 പ്രകാരമുള്ള പ്രൊമോഷനും മറ്റും ലഭിച്ചതിനാല്‍ സിംഗ് വിരമിക്കണം. ഇതിനു പകരമായി നാഷണല്‍ ഡിഫന്‍സ് യൂണിറ്റ് മേധാവിയായി വി കെ സിംഗിനെ നിയമിക്കും. മൂന്നു സേനകളുടെയും പ്രവര്‍ത്തനം ഏകീകരിക്കുന്നതിനാണ് നാഷണല്‍ ഡിഫന്‍സ് യൂണിറ്റ് രൂപീകരിച്ചിരിക്കുന്നത്. നാഷണല്‍ ഡിഫന്‍സ് യൂണിറ്റിന്റെ മേധാവിയായി ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ല.