ജനനത്തീയതി വിവാദം പൊതു ചര്‍ച്ചയായത് ശരിയായില്ല: ആന്റണി

വെള്ളി, 20 ജനുവരി 2012 (15:45 IST)
കരസേന മേധാവി വി കെ സിംഗിന്റെ ജനനത്തീയതി വിവാദം പൊതുചര്‍ച്ചയായതില്‍ ഖേദമുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. ഇക്കാര്യം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും ആന്റണി പറഞ്ഞു.

വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. അതിനാല്‍ പരമോന്നത കോടതിയാണ്‌ ഇതില്‍ തീരുമാനം വ്യക്തമാക്കേണ്ടത്. അതിനുവേണ്ടി കാത്തിരിക്കുകയാണ്‌ വേണ്ടതെന്നും ആന്റണി പറഞ്ഞു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരമാവധി സംയമനം പാലിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക