ചീഫ് ജസ്റ്റിസിനെതിരെയുള്ള ഹര്‍ജി തള്ളി

വെള്ളി, 17 ജൂലൈ 2009 (14:55 IST)
ചീഫ് ജസ്റ്റിസ് ബാലകൃഷ്ണനെ ഇംപീച്ച് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. ചീഫ് ജസ്റ്റിസിന് പദവിയില്‍ തുടരാനുള്ള യോഗ്യത ഇല്ലെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്.

ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍, ജസ്റ്റിസ്ബി സുദര്‍ശന്‍ റെഡ്ഡി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണനയ്ക്ക് എടുത്തത്. പരാതി 24 വര്‍ഷം താമസിച്ചാണ് നല്‍കിയിരിക്കുന്നത് എന്ന് ബഞ്ച് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള പി എ ചന്ദ്രന്‍ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയത്. 1985ല്‍ ജസ്റ്റിസ് ബാലകൃഷ്ണനെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിച്ചതിനെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്തത്.

ജില്ലാ ജഡ്ജിയായോ അഭിഭാഷകനായോ പത്ത് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവരെയാണ് ഹൈക്കോടതിയിലേക്ക് നിയമിക്കേണ്ടത്. ജസ്റ്റിസ് ബാലകൃഷ്ണന്റെ നിയമനം ഭരണഘടന അനുകൂലിക്കുന്നില്ല എന്നും പരാതിക്കാരന്‍ പറയുന്നു.

1973 മുതല്‍ 1983 വരെ മുന്‍സിഫ് മജിസ്ട്രേറ്റ് ആയി ഉള്ള പ്രവര്‍ത്തി പരിചയം മാത്രമാണ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ഉണ്ടായിരുന്നത് എന്നും അതിനാല്‍ ഹൈക്കോടതി ജഡ്ജിയാവാന്‍ യോഗ്യതയില്ല എന്നും പരാതിയില്‍ ആരോപിക്കുന്നു. ഹൈക്കോടതി ജഡ്ജിയായുള്ള നിയമനം നിയമ വിരുദ്ധമായിരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയുള്ള നിയമനവും നിയമ വിരുദ്ധം ആണെന്നും ചീഫ് ജസ്റ്റിസിനെ ഇം‌പീച്ച് ചെയ്യണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

വെബ്ദുനിയ വായിക്കുക