ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി: കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനുള്ള പാകിസ്ഥാന്റെ ശ്രമമെന്ന് സംശയം

ശനി, 5 മാര്‍ച്ച് 2016 (16:04 IST)
ഗുജറാത്തിലെ തീരപ്രദേശമായ കച്ചില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ  കണ്ടെത്തി. കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാന്‍ പാക് ഭീകരര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയതോടെ കച്ച് ഉള്‍പ്പെട്ട തീരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, കച്ചിലെ സൈനിക ക്യാംപിന്റെ ചിത്രങ്ങൾ പകർത്തിയ ആളെ അറസ്റ്റ് ചെയ്തു. 
 
ജനുവരി ആദ്യം ബോട്ട് സർ ക്രീക്ക് മേഖലയിലും ഇത്തരത്തില്‍ ബോട്ട് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ കോട്ടേശ്വറിനു സമീപം പഡാല ക്രീക്കിലും നവംബറിൽ കച്ചിലെ ഹരാമി നല മേഖലയിലും സമാന സാഹചര്യത്തില്‍ ബോട്ടുകൾ കണ്ടെത്തിയിരുന്നു. അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ പാക് അതിര്‍ത്തി മേഖലകളിലെ തീരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു.
 
മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ബോട്ടിലാണ് പാക്കിസ്ഥാനിൽ നിന്ന് മുംബൈ തീരത്തെത്തിയത്. സമാന ശൈലിയിൽ കടൽ മാർഗം ഇന്ത്യൻ തീരത്ത് എത്താനുള്ള പാക്ക് ശ്രമം 2014 ഡിസംബർ 31ന് ഇന്ത്യൻ തീരസംരക്ഷണ സേന വിഫലമാക്കിയിരുന്നു. പാക്കിസ്‌ഥാനിലെ കറാച്ചിയിൽനിന്നു പുതുവർഷത്തലേന്ന് ഭീകരരും സ്‌ഫോടകവസ്‌തുക്കളുമായി പുറപ്പെട്ട ബോട്ട് ഗുജറാത്ത് തീരത്ത് അറബിക്കടലിൽ തീരസംരക്ഷണ സേന തടഞ്ഞു. പരിശോധനയ്ക്ക് വിധേയമാകാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് വകവയ്ക്കാതെ മുന്നോട്ട് നീങ്ങിയ ബോട്ട് തീരസംരക്ഷണ സേന തകര്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക