ഗാന്ധിജിക്ക് ഭാരത് രത്ന വേണ്ട

വ്യാഴം, 17 ജനുവരി 2008 (10:37 IST)
WD
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന നാളുകളാണിത്. ജനനായകന്‍‌മാരില്‍ പലരുടേയും പേര് ഇതിനായി നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍, രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയെ ഭാരത രത്നയ്ക്കായി പരിഗണിക്കേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്.

‘ചിലരുടെ സ്ഥാനം എല്ലാ അവാര്‍ഡുകള്‍ക്കും മീതെയാണ്. ഗാന്ധിജിയും അത്തരമൊരു ആളാണ്’- ഗാന്ധിജിയെ അവാര്‍ഡിന് പരിഗണിക്കുന്നതിന് താല്പര്യമില്ല എന്ന് അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിംഘ്‌വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗാന്ധിജിക്ക് ബഹുമതി നല്‍കാത്തതു കൊണ്ട് അദ്ദേഹം ഭാരതത്തിന്‍റെ രത്നം അല്ലാതാവുന്നില്ല എന്നും സിംഘ്‌വി പറഞ്ഞു. മരണാന്തര ബഹുമതിയായി ഗാന്ധിജിക്ക് ഭാരത് രത്ന നല്‍കാത്തതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഭാരത രത്ന പാര്‍ട്ടികള്‍ക്കുള്ളില്‍ ലളിതമായി ചര്‍ച്ച ചെയ്യാനുള്ള വിഷയമല്ല എന്നും വളരെയധികം പ്രാധാന്യമുള്ള ഇതിന് അര്‍ഹരായവരെ തെരഞ്ഞെടുക്കാന്‍ സുസ്ഥാപിതവും ചരിത്രപരവുമായ നടപടിക്രമങ്ങള്‍ ഉണ്ടെന്നും സിംഘ്‌വി പറഞ്ഞു.

ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയെ ഭാരത രത്ന നല്‍കി ആദരിക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി ആവശ്യപ്പെട്ടത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും പ്രതികരണമുണ്ടാക്കിയിരുന്നു.


വെബ്ദുനിയ വായിക്കുക