ഗര്‍ഭിണിയെ നിലത്തിട്ട് വലിച്ചിഴച്ചു; രണ്ട് വയസുകാരനെ ചുമരിലെറിഞ്ഞ് കൊന്നു

വ്യാഴം, 20 ജൂണ്‍ 2013 (15:40 IST)
PTI
രണ്ട് വയസുകാരനെ ഇഷ്ടിക കമ്പനി മുതലാളി ചുമരിലെറിഞ്ഞ് കൊന്നു. രണ്ട് വയസുകാരന്റെ ഗര്‍ഭിണിയായ അമ്മയെയും അച്ഛനെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തു.

ഗാസിയാബാദിലെ പീപ്‌ലി ഗ്രാമത്തിലാണ് ക്രൂരസംഭവം ഉണ്ടായത്. മഹിപാല്‍ നടത്തുന്ന ഇഷ്ടിക കമ്പനിയിലെ തൊഴിലാളികളാണ് രാം‌പ്രവേഷും ഭാര്യ മീരയും. കഴിഞ്ഞ ദിവസം പണിക്കൂലി നല്‍കാനായി മഹിപാലും മരുമകനും ദമ്പതികളുടെ വീട്ടിലെത്തി.

പണിക്കൂലി കുറഞ്ഞ് പോയി എന്നാരോപണവുമായി ദമ്പതികള്‍ മഹിപാലിനോട് തട്ടിക്കയറി. കോപാകുലരായ മഹിപാലും മരുമകനും ദമ്പതികളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതേ സമയം വീടിന് പുറത്തിറങ്ങി വന്ന രണ്ട് വയസുകാരനായ സൂരജിനെ മഹിപാല്‍ ചുമരിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഗര്‍ഭിണിയായ മീരയുടെ വയറ്റില്‍ ചവിട്ടുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു. ദമ്പതികളെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പ്രതികള്‍ പോകുകയായിരുന്നു. അയല്‍‌‌വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സൂരജ് മരിക്കുകയായിരുന്നു.

ദമ്പതികളുടെ പരാതിയില്‍ പൊലീസ് മഹിപാലിനെയും മരുമകനെയും അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക