കോര്‍പ്പറേറ്റ് പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി ഇടപെടില്ല
ചൊവ്വ, 15 ജൂലൈ 2008 (18:24 IST)
PTI
PTI
കോര്‍പ്പറേറ്റ് പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി ഇടപെടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുകേഷ് അംബാനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതിനെ സി പി എം വിമര്‍ശിച്ച പശ്ചാത്തലത്തിലാണിത്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് മന്‍മോഹന്‍ സിംഗിനെ അറിയാം. അദ്ദേഹം കോര്‍പ്പറേറ്റ് വിഷയങ്ങളില്‍ ഇടപെടില്ലെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്- മന്‍മോഹന്‍ സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു പറഞ്ഞു.
മുകേഷ് അംബാനിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത് സംബന്ധിച്ച്, പ്രധാനമന്ത്രി കോര്‍പ്പറേറ്റുകളെ കാണുന്നത് ദേശീയ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്ന് സഞ്ജയ് ബാരു പറഞ്ഞു. ആധുനിക സമ്പദ് വ്യവസ്ഥയിലെ ഏത് നേതാവും ഇതാകും ചെയ്യുക എന്ന് ബാരു അഭിപ്രായപ്പെട്ടു.
ജൂലൈ 22ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോര്‍പ്പറേറ്റുകള്‍ അവരുടെ താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് സി പി എം അരോപിച്ചിരുന്നു. അധികാരം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി പരസ്പരം പോരടിക്കുന്ന അംബാനി സഹോദരന്മാരുടെ ഇടയില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നത് ശരിയല്ലെന്നാണ് സി പി എം അഭിപ്രായപ്പെട്ടത്.
തിങ്കളാഴ്ച ആണ് മുകേഷ് അംബാനി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രി, യു പി എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, പെട്രോളിയം വകുപ്പ് മന്ത്രി മുരളി ദേവ്‌റ എന്നിവരെ കാണാനാണ് മുകേഷ് അംബാനി ഡല്‍ഹിയിലെത്തിയതെന്ന് വാര്‍ത്തയുണ്ടായിരുന്നു.