കോടികള്‍കൊണ്ട് അമ്മാനമാടുന്ന പാവം ഇന്ത്യന്‍ ടെക്കികള്‍; കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം വാങ്ങുന്ന ഏഴ് ഐടി തലവന്‍‌മാര്‍ ആരൊക്കെയെന്നും അവരുടെ വരുമാനം എത്രയെന്നും അറിയാമോ?

വ്യാഴം, 2 ജൂണ്‍ 2016 (14:55 IST)
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐ ടി കമ്പനിയായ വിപ്രോയുടെ പുതിയ സി ഇ ഒ ആണ് ആബിദ്‌ അലി നീമൂച്‌വാല. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 23 വര്‍ഷത്തെ സേവന പരിചയമുള്ള നീമൂച്‌വാല ടി സി എസിന്റെ ബി പി ഒ വിഭാഗം തലവനായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ $1.8 മില്ല്യണ്‍ ഏകദേശം 12 കോടിയോളം രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. 859,079ഡോളറാണ് ശമ്പളതുകയായി മാത്രം അദ്ദേഹത്തിനു ലഭിക്കുന്നത്. മറ്റു ആനുകൂല്യങ്ങളും കമ്മീഷനുമെല്ലാം ചേര്‍ത്ത് 926335ഡോളറും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്.
 
ലോകത്തെ ഐ ടി മേഖലയില്‍ ഏറ്റവും പ്രതാപിയായ കമ്പനിയായി ഇന്ത്യയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.  കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടിയ ബ്രാന്‍ഡ് എന്ന പേരും ടി സി എസിനാണ്. 2010ല്‍ 2.34 ബില്യണ്‍ ഡോളര്‍ ആയിരുന്ന് ടി സി എസിന്റെ മൂല്യം 2016ല്‍ 9.4 ബില്യണ്‍ ഡോളറായിട്ടാണ് ഉയര്‍ന്നത്. ഏകദേശം 25.6കോടി അതായത് 3.8 മില്ല്യണ്‍ ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടി സി എസ് സി ഇ ഒ എന്‍ ചന്ദ്രശേഖരന്റെ ശമ്പളം. 
 
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്. ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് വിശാല്‍ ശിഖ. ഇന്‍ഫോസിസിന്റെ സ്ഥാപകനല്ലാത്ത ആദ്യത്തെ സി ഇ ഒ കൂടിയാണ് വിശാല്‍. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം എല്ലാ ആനുകൂല്യങ്ങളും ചേര്‍ത്ത് 49 കോടിരൂപ അതായത് 7.45 മില്ല്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിനു ശമ്പളമായി ലഭിച്ചത്.
 
സമീപ കാലത്തായി കമ്പനികള്‍ ഏറ്റെടുക്കുന്നത് പതിവാക്കിയ യുഎസ് ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍ സര്‍വീസ് കയറ്റുമതി കമ്പനി കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യുഷന്‍സ്. കൊഗ്‌നിസന്റ് സി ഇ ഒ ഫ്രാന്‍സിസ്കോ ഡിസൂസയും ഈ കോടീശ്വരന്മാരുടെ ഗണത്തില്‍പ്പെടുന്നു. ഇന്‍ഫോസിസ് സി ഇ ഒ വിശാല്‍ ശിഖയേയും വിപ്രോ സി ഇ ഒ ആബിദലി നീമൂച്‌വാലയേയും ടി സി എസ് സി ഇ ഒ എന്‍ ചന്ദ്രശേഖരനേയും പിന്‍‌തള്ളി 11.95 മില്ല്യണ്‍ ഡോളര്‍ വാര്‍ഷിക ശമ്പളവുമായി മുന്‍പന്തിയിലുണ്ട്.
 
വിപ്രോ ചെയര്‍മാനായ അസിം പ്രേംജിയും ഈ ഗണത്തില്‍ മുന്‍പന്തിയിലാണ്. അമേരിക്കന്‍ നിക്ഷേപങ്ങളും മറ്റുമെല്ലാം ചേര്‍ത്ത് 327,993 ഡോളറാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. കൂടാതെ കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 0.3% ലാഭമാണ് കമ്പനി നേടിയിട്ടുള്ളത്.
 
ഇക്കൂട്ടത്തില്‍ പെടുന്ന മറ്റൊരു പ്രമുഖനാണ് വിപ്രോയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറും അസിം പ്രേംജിയുടെ മകനുമായ റിഷാദ് പ്രേംജി. 2007 മുതലാണ് റിഷാദ് ഈ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  325,462 ഡോളറായിരുന്നു അദേഹത്തിന് ശമ്പളമിനത്തില്‍ ലഭിച്ചത്.
 
ഈ ഗണത്തില്‍ ഏറ്റവും മുന്‍പതിയിലാണ് കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യുഷന്‍സ് പ്രസിഡന്റായ ഗോര്‍ഡന്‍ കോബണ്‍. 2012ലാണ് അദ്ദേഹം കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യുഷന്‍സിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 6,968,995ഡോളറായിരുന്നു അദ്ദേഹത്തിന്റെ വരുമാനം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക