കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ബന്‍സല്‍ പങ്കെടുത്തില്ല

വ്യാഴം, 9 മെയ് 2013 (20:56 IST)
PRO
PRO
വിവാദ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന റെയില്‍വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. ബന്‍സലിനെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയിലാണ് വ്യാഴാഴ്ച മന്ത്രിസഭായോഗം ചേര്‍ന്നത്.

കൈക്കൂലിയിടപാടില്‍ മന്ത്രി ബന്‍സലിനെ വെട്ടിലാക്കുന്ന പ്രാഥമിക തെളിവുകള്‍ സിബിഐക്ക് ലഭിച്ചുവെന്ന് സൂചനയുണ്ട്. സഹോദരീപുത്രന്‍ വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയത് ബന്‍സലിന് വേണ്ടിയാണെന്നാണ് സൂചന.

സഹോദരീ പുത്രന്‍ വിജയ് സിംഗ്ല അറസ്റ്റിലായതിന് പിന്നാലെ ബി ജെ പിയും സി പി എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റെയില്‍വെ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. റെയില്‍വെ ബോര്‍ഡില്‍ മെച്ചപ്പെട്ട പദവി തരപ്പെടുത്തുന്നതിനാണ് കൈക്കൂലി വാങ്ങിയതെന്നാണ് കരുതുന്നത്. സിംഗ്ല അടക്കം നാലുപേരെ ഡല്‍ഹിയിലെ കോടതി മെയ് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക